ചണ്ഡീഗഡ് ∙ ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പാർലമെന്റിൽ കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെ പഞ്ചാബ് രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന മണ്ഡലപുനർനിർണയ ബില്ലിനും വനിതാ സംവരണ ബിൽ ഉടനടി നടപ്പാക്കുന്നതിനും പാർട്ടി പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി – അകാലിദൾ സഖ്യം പുനഃസ്ഥാപിക്കുന്നതിനുള്ള വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നീക്കത്തെ വിലയിരുത്തുന്നത്.
എല്ലാ സംസ്ഥാനങ്ങളിലെയും സീറ്റുകളുടെ എണ്ണത്തിൽ തുല്യമായ 50 ശതമാനം വർധനവ് ഉറപ്പാക്കിയുള്ള കേന്ദ്ര നിർദേശത്തെ അകാലിദൾ പിന്തുണയ്ക്കുന്നതായി ശനിയാഴ്ച ചണ്ഡീഗഡിൽ ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിനു ശേഷം ബാദൽ എക്സിൽ കുറിച്ചു. ‘‘വനിതകളുടെ അന്തസും സമത്വവും തുല്യാവകാശങ്ങളും ഉയർത്തിപ്പിടിച്ച സിഖ് ഗുരുക്കന്മാരുടെ പഠനങ്ങളിൽ നിന്നാണ് ശിരോമണി അകാലിദൾ പ്രചോദനം ഉൾക്കൊള്ളുന്നത്. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ഇതിനകം തങ്ങളുടെ സഭയിൽ വനിതാ സംവരണം ഏർപ്പെടുത്തി മാതൃക കാട്ടിയിട്ടുണ്ട്. പാർലമെന്റിനു മുന്നിലുള്ള പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള വിശദമായ ചർച്ചകൾക്ക് ശേഷം, എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ പ്രതിനിധ്യം ഉറപ്പാക്കുന്ന നീതിയുക്തമായ മണ്ഡലപുനർനിർണയം അകാലിദൾ ആവശ്യപ്പെടുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും സീറ്റുകളിൽ 50 ശതമാനം വർധനവ് വരുത്തണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തെ പാർട്ടി പിന്തുണയ്ക്കുന്നു. വനിതാ സംവരണവും മണ്ഡലപുനർനിർണയവും ഉടനടി നടപ്പിലാക്കണം’’ – സുഖ്ബീർ സിങ് ബാദൽ എക്സിൽ കുറിച്ചു.
കഴിഞ്ഞ ഏപ്രിലിൽ കേന്ദ്ര സർക്കാർ മണ്ഡലപുനർനിർണയ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ അകാലിദൾ ശക്തമായി എതിർക്കുകയും പ്രതിപക്ഷത്തോടൊപ്പം ചേർന്ന് ബില്ലിനെതിരെ വോട്ട് ചെയ്യുകയും ചെയ്തിരുന്നു. ബിൽ പഞ്ചാബിനോട് വിവേചനം കാണിക്കുന്നതാണെന്നും അയൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുമ്പോൾ പഞ്ചാബിൽ നേരിയ വർധനവ് മാത്രമേ ഉണ്ടാകൂ എന്നുമായിരുന്നു അകാലിദളിന്റെ അന്നത്തെ വാദം. എന്നാൽ ബിജെപി സഖ്യചർച്ചകൾ സജീവമായതോടെ, സീറ്റുകളിൽ 50 ശതമാനം വർധനവ് എന്ന ഉറപ്പിന്മേൽ പാർട്ടി ബില്ലിനെ അനുകൂലിക്കാൻ തീരുമാനിക്കുകയായിരുന്നു.
കേന്ദ്രത്തിന്റെ മൂന്ന് വിവാദ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നാണ് 2020ൽ ബിജെപിയും അകാലിദളും തമ്മിലുള്ള കാൽനൂറ്റാണ്ട് പഴക്കമുള്ള സഖ്യം തകർന്നത്. തുടർന്ന് എൻഡിഎയിൽ നിന്ന് അകാലിദൾ പിന്മാറുകയായിരുന്നു. സഖ്യം പിരിഞ്ഞതിനുശേഷം 2022ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലും, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇരുപാർട്ടികളും തനിച്ചാണ് മത്സരിച്ചത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ ബിജെപിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. അകാലിദളിനാകട്ടെ കേവലം ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച ബാദൽ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച പഴയ സഖ്യം വീണ്ടെടുക്കുമെന്ന അഭ്യൂഹങ്ങൾക്ക് ബലമേകിയത്.
അകാലിദളും ബിജെപിയുടെ പഞ്ചാബ് ഘടകവും ആർഎസ്എസും സഖ്യം പുനരുജ്ജീവിപ്പിക്കുന്നതിന് അനുകൂലമാണ്. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന നേതാക്കളും തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം ബിജെപി കേന്ദ്ര നേതൃത്വത്തിന്റേതായിരിക്കും. എന്നാൽ ഇത്തവണ തുല്യശക്തികളായി സഖ്യം രൂപീകരിക്കാനാണ് ബിജെപി താൽപര്യപ്പെടുന്നത്. മുൻപ് സഖ്യത്തിൽ അകാലിദളായിരുന്നു വലിയ പങ്കാളി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തുല്യമായ സീറ്റ് വിഭജനമാണ് ബിജെപി ലക്ഷ്യമിടുന്നത്. അതേസമയം സീറ്റ് പങ്കുവയ്ക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്നും പഞ്ചാബിലെ നിലവിലെ സാഹചര്യം മെച്ചപ്പെടുത്തുന്നതിനാണ് തങ്ങളുടെ മുൻഗണനയെന്നുമാണ് അകാലിദൾ നേതാക്കളുടെ നിലപാട്.