ന്യൂഡൽഹി: രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചശേഷം ഇതാദ്യമായി ജാതി ചോദിച്ച് സെൻസസ്. ജനസംഖ്യാ കണക്കെടുപ്പിലെ 40 ചോദ്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ വിജ്ഞാപനം ചെയ്‌തു. അതിൽ പത്താമത്തെ ചോദ്യമാണ് ജാതി.
പതിനാറാമത് സെൻസസിന്റെ രണ്ടാംഘട്ടം 2027 ഫെബ്രുവരിയിൽ നടത്തുമ്പോഴാണ് ഇതു രേഖപ്പെടുത്തുന്നത്.
എസ്.സി,എസ്.ടി എന്നിവയ്‌ക്കു പുറമെയാണിത്. പിന്നാക്ക വിഭാഗങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണെങ്കിലും കേന്ദ്ര വിജ്ഞാപനം പുറത്തുവന്നപ്പോൾ കടുത്ത ആശങ്കയും ഉയർന്നിരിക്കുകയാണ്. വെറുതെ ജാതി രേഖപ്പെടുത്തി പോയാൽ പ്രത്യേകിച്ച് ഒരു ഗുണവും ഒ.ബി.സി വിഭാഗത്തിനടക്കം ഉണ്ടാകില്ല. പൂർണമായും ഡിജിറ്റൽ സെൻസസ് ആയതിനാൽ, സംസ്ഥാനത്തെ ജാതികളുടെ പട്ടിക ഇതോടൊപ്പം അപ്‌ലോഡ് ചെയ്‌താൽ മാത്രമേ എസ്.സി,എസ്.ടി,ഒ.ബി.സി,ജനറൽ തുടങ്ങിയവയിൽ ഉൾപ്പെട്ടതാണോയെന്ന് രേഖപ്പെടുത്താൻ കഴിയുകയുള്ളു. സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്നു തങ്ങളുടെ ജാതി തിരഞ്ഞെടുക്കാൻ സൗകര്യം ഒരുക്കുകയാണ് ചെയ്യേണ്ടത്. ബീഹാർ,തെലങ്കാന സംസ്ഥാനങ്ങളിൽ അപ്രകാരമായിരുന്നു ജാതി സെൻസസ്. കേന്ദ്രം വ്യക്തത വരുത്തിയിട്ടില്ല.
അറിയണം ഒ.ബി.സി
ജനസംഖ്യ
# സാമൂഹിക നീതി ശരിയായ രീതിയിൽ നടപ്പാകാനും,പാർശ്വവത്കൃത വിഭാഗങ്ങളെ കൂടുതലായി ഉൾക്കൊള്ളാനും ഉതകുന്ന ദേശീയ നയം രൂപീകരിക്കാൻ ജാതി സെൻസസിലൂടെ കഴിയണം. തൊഴിൽ,വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ചരിത്രപരമായി അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രാതിനിധ്യം വർദ്ധിക്കണം. ജാതി സെൻസസിലൂടെ നയങ്ങളിലെ വിടവുകൾ നികത്തേണ്ടതാണ്. അതറിയാൻ വേറുതേ ജാതി രേഖപ്പെടുത്തിയാൽ പോരാ. ഒ.ബി.സിയാണോയെന്ന് വ്യക്തമാക്കണം.
#1931ൽ ബ്രിട്ടീഷ് ഭരണക്കാലത്ത് ജാതി അടിസ്ഥാനത്തിലുള്ള സർവേ നടത്തിയിരുന്നു. ജനസംഖ്യയിൽ 52%വും ഒ.ബി.സി വിഭാഗമാണെന്നാണ് അതിൽ പറഞ്ഞിരുന്നത്. ഈ ഡേറ്റയെ ആശ്രയിച്ചായിരുന്നു മണ്ഡൽ കമ്മിഷൻ റിപ്പോർട്ട്.