ആലപ്പുഴ: ‘ ദാ… ആ നടന്നുപോകുന്നതാണ് ശിവരാമക്കുറുപ്പിന്റെ മകന്‍ സുകുമാരന്‍. ഗള്‍ഫില്‍ നിന്ന് വന്നതാണ്….” വഴിയിലൂടെ നടന്നുപോയ സുകുമാരക്കുറുപ്പിനെ ചൂണ്ടിക്കാട്ടി വീട്ടുമുറ്റത്ത് നിന്ന് അച്ഛന്‍ രാമകൃഷ്ണന്‍ പറഞ്ഞപ്പോഴാണ് പതിനെട്ടുകാരി രത്‌നമ്മ ആ ചെറുപ്പക്കാരനെ അടുത്തുകണ്ടത്. രണ്ടു ദിവസത്തിനുശേഷം കേട്ടത് സുകുമാരക്കുറുപ്പിനെ കാറിനുള്ളില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത. ആ ചെറുപ്പക്കാരന്റെ മുഖം വേദനയോടെ രത്‌നമ്മയുടെ മനസ്സില്‍ പതിഞ്ഞു. വൈകാതെ ചാക്കോവധക്കേസും കുറുപ്പിന്റെ തിരോധാനവും വാര്‍ത്തകളില്‍ നിറഞ്ഞു.
1984 ജനുവരി 21ന് ആയിരുന്നു കൊലപാതകം.
1988ല്‍ സുകുമാരക്കുറുപ്പിനെ ബൊക്കാറോയില്‍വച്ച് നേരില്‍ കണ്ടിരുന്നു എന്നാണ് രത്‌നമ്മ പറയുന്നത്. ഓരോ തവണ ക്രൈ ബ്രാഞ്ച് കേസ് പുനരന്വേഷിക്കുമ്പോഴും രത്‌നമ്മയുടെ മൊഴി രേഖപ്പെടുത്തും. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായതിന് പിന്നാലെ പുനരന്വേഷണം ആരംഭിച്ച പശ്ചാത്തലത്തില്‍ ഇന്റലിജന്‍സ്, ക്രൈംബ്രാഞ്ച് സംഘങ്ങള്‍ വീണ്ടും മൊഴിയെടുത്തു.
കണ്ടത് ഐ.സി.യുവില്‍
1988ലെ ഒരു പകല്‍. രത്‌നമ്മ ജാര്‍ഖണ്ഡിലെ ബൊക്കാറോ സ്റ്റീല്‍ പ്ലാന്റ് സിറ്റിയിലെ ജനറല്‍ ആശുപത്രിയില്‍ ഒന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി. മലയാളം സംസാരിക്കുന്ന രോഗിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് സീനിയര്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് അറിഞ്ഞു. മലയാളി രോഗിയെ കാണാനുള്ള കൗതുകം കൊണ്ട് ഐ.സി.യുവില്‍ ചെന്നു. ആശുപത്രി രേഖകളില്‍ പേര് ജോഷി.അടുത്തേക്ക് ചെന്നപ്പോള്‍
കണ്ടത് മനസില്‍ പതിഞ്ഞ സുകുമാരക്കുറുപ്പിന്റെ അതേ രൂപം. താടിയുയുണ്ട്. ചെങ്ങന്നൂരാണ് വീടെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. കേരളത്തില്‍ പോകാറുണ്ടെന്നും ആലപ്പുഴയും ചെങ്ങന്നൂരും അറിയാമെന്നും ‘ജോഷി’യുടെ മറുപടി. ചെറിയനാട് ശിവരാമക്കുറുപ്പിന്റെ വീടിനടുത്താണ് വീടെന്ന് പറഞ്ഞതും അയാള്‍ ഞെട്ടി. മുഖഭാവം മാറി. പിന്നൊന്നും മിണ്ടിയില്ല.രത്‌നമ്മ ക്ലാസിലേക്ക് മടങ്ങി. സുകുമാരക്കുറുപ്പാണെന്ന് ഉറപ്പായി. പക്ഷേ ആരോടും പറയാനുള്ള ധൈര്യമില്ലായിരുന്നു. വൈകിട്ട് ഐ.സി.യുവില്‍ വീണ്ടും പോയി. ജോഷിയെ വാര്‍ഡിലേക്ക് മാറ്റിയെന്നും അതിനുശേഷം കാണാതായെന്നും അറിഞ്ഞു. അതോടെ അതു സുകുമാരക്കുറുപ്പാണെന്ന വാര്‍ത്ത പരന്നു. അടുത്തയാഴ്ച ക്രൈംബ്രാഞ്ച് ആശുപത്രിയിലെത്തി. അപ്പോള്‍ രത്‌നമ്മ ലീവിന് നാട്ടിലായിരുന്നു. ചെറിയനാട് ചിങ്ങോലിയിലെത്തിയാണ് ആദ്യമായി രത്‌നമ്മയുടെ മൊഴി രേഖപ്പെടുത്തിയത്. സുകുമാരക്കുറുപ്പിനെ കണ്ടതായി താന്‍ പൊലീസിന് കത്തയച്ചിരുന്നു എന്ന പ്രചരണം രത്‌നമ്മ നിഷേധിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ ബൊക്കാറോ ജനറല്‍ ആശുപത്രിയില്‍ നിന്ന് നഴ്‌സിംഗ് സൂപ്പര്‍വൈസറായി വിരമിച്ചശേഷം ഭര്‍ത്താവ് ശിവരാജനൊപ്പം ചിങ്ങോലിയിലെ ചാപ്രയില്‍ പടീറ്റതില്‍ വീട്ടിലാണ് താമസം. മക്കള്‍:അഭിരാജ്, സുഭദ്ര.
കൊലയാളി ശിക്ഷിക്കപ്പെടണം: ചാക്കോയുടെ മകന്‍
‘ഞാന്‍ എന്റെ അച്ഛനെ കണ്ടിട്ടില്ല. 42 വര്‍ഷമായ കേസില്‍ പ്രതി പിടിക്കപ്പെടുമോ എന്നതില്‍ സംശയമുണ്ട് ‘സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ തത്തംപള്ളി ആലപ്പാട്ട് കണ്ടത്തില്‍ ചാക്കോയുടെ മകന്‍ ജിതിന്‍ ചാക്കോ (42) പറയുന്നു.
ഏതൊരു മകനും ആഗ്രഹിക്കുന്നതുപോലെ അച്ഛന്റെ കൊലയാളി ശിക്ഷിക്കപ്പെടണമെന്നുതന്നെയാണ് തന്റെയും ആഗ്രഹം. കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്ന കഥകളൊക്കെത്തന്നെയാണ് വീണ്ടും പുറത്തുവരുന്നത്. നഴ്‌സായ രത്‌നമ്മ പറഞ്ഞ കാര്യങ്ങള്‍ നേരത്തെ അറിഞ്ഞവയാണ്. കേസിന്റെ ഭാഗമായി അന്വേഷണ സംഘം വിളിപ്പിച്ചിട്ടില്ല. പുനരന്വേഷിക്കുമ്പോള്‍ പുതിയ കണ്ടെത്തലുകള്‍ ഉണ്ടാകുമോ എന്ന് കാത്തിരിക്കാം. പ്രതി ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാത്ത സാഹചര്യമാണിപ്പോള്‍. കേസിന്റെ ഗതി എന്താകുമെന്ന് അറിയില്ലെന്നും ജിതിന്‍ ചൂണ്ടിക്കാട്ടി. ഭാര്യ ശാന്തമ്മ ജിതിനെ ആറുമാസം ഗര്‍ഭം ധരിച്ചിരിക്കുമ്പോഴാണ് ചാക്കോ കൊല്ലപ്പെട്ടത്.