തിരുവനന്തപുരം: 80-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയ പതാക ഉയർത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു ചടങ്ങുകൾ. തുടർന്ന് വ്യോമസേനയുടെ ഹെലികോപ്‌റ്ററിൽ പുഷ്‌പവൃഷ്‌ടി നടത്തി.
വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢ, എൻസിസി, സ്‌കൗട്ട് ആൻഡ് ഗൈഡ്, സ്റ്റുഡന്റ്‌സ് പൊലീസ് തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. പ്രളയത്തെ പ്രതിരോധിക്കാൻ ശാസ്‌ത്രീയ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു. ജീവൻ നഷ്‌ടമായവർക്ക് ആദരം അർപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വാക്കുകൾ ആരംഭിച്ചത്.
രാഷ്‌ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് ഒറ്റക്കെട്ടായി മുന്നേറണമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ക്ഷേമ പ്രവർത്തനങ്ങൾ ഔദാര്യം അല്ല, അവകാശമാണെന്നും പറഞ്ഞു. ഏകവിള തോട്ടത്തിൽ ഒരേയിനം മനുഷ്യരെ വളർത്തി, ഒരേ ഭാഷയും വിശ്വാസവും ജീവിതശൈലിയും വളർത്തുന്ന, വെറുപ്പിന്റെ തുരുത്തുകൾ സൃഷ്‌ടിക്കുന്നതല്ല ജനാധിപത്യം. പുതുതലമുറയ്‌ക്ക് സ്വന്തം കാലിൽ അഭിമാനത്തോടെ നിൽക്കാൻ വഴിയൊരുക്കണം. ലഹരി എന്ന വിപത്തിനെ പടിയിറക്കണമെന്നും ഇവ സർക്കാരിന്റെ മുൻഗണന പട്ടികയിലുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് 14 ജില്ലകളിലും സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നടക്കുകയാണ്. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ പങ്കെടുക്കും. സർക്കാർ പരിപാടികളിലും സ്‌കൂളുകളിലും വന്ദേമാതരം ആലപിച്ചില്ല.