ന്യൂഡൽഹി∙ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമായ 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വപ്നങ്ങൾ ഇനി വലുതാകുകയാണ് പ്രധാനമന്ത്രി. സ്വപ്നങ്ങൾ വലുതാകുമ്പോൾ നമ്മുടെ ചിന്തകൾ വിശാലമാക്കും. അതിലൂടെ കഴിവുകൾ വർധിക്കും, സ്വപ്നങ്ങൾ ദൃഢമാകുമ്പോൾ വെല്ലുവിളി അതിജീവിച്ച് മുന്നോട്ടുപോകാനുള്ള ധൈര്യം താനേ വന്നു ചേരും. ലക്ഷ്യങ്ങൾ പൂർത്തിയാക്കാനുള്ള യാത്രയിലാണ് നാമെന്നും 80–ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 12 വർഷം, ഓരോ ഇന്ത്യക്കാരനും രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ ശ്രമിച്ചു. അതുകൊണ്ടാണ് 25 കോടി ഇന്ത്യക്കാർ ചെറിയ സമയത്തിനുള്ളിൽ ദാരിദ്ര്യത്തിൽനിന്ന് മുക്തരായത്. മറ്റ് രാജ്യങ്ങളെ ആശ്രയിച്ച് ഇന്ത്യയ്ക്ക് മുന്നോട്ടുപോകാനാവില്ല. ഇന്ത്യ ലോക സാമ്പത്തിക ശക്തിയായി മാറി. ഡിജിറ്റൽ ലോകത്ത് വലിയ നേട്ടങ്ങളുണ്ടായി. കാലഹരണപ്പെട്ട നിയമങ്ങൾ എടുത്തുമാറ്റി. ഓരോ ഇന്ത്യക്കാരനും ആത്മനിർഭരത കൈവരിക്കേണ്ടതുണ്ട്. ആത്മനിർഭർ ഭാരതമെന്ന സങ്കൽപത്തെ ദൃഢതയോടെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്.
ഇന്ത്യയിൽ ആദ്യമായി ഹൈഡ്രജൻ ട്രെയിൻ വന്നു. ഏറ്റവും മികച്ച ട്രെയിനാണ് അതെന്നു പറയുന്നതിലും ഈ രംഗത്ത് ഇന്ത്യ കഴിവു തെളിച്ചതിലും എനിക്ക് സന്തോഷമുണ്ട്. കോവിഡ് മഹാമാരിയുടെ സമയത്ത് നുണകൾ പ്രചരിപ്പിച്ച് ഇന്ത്യക്കാരെ ഭയപ്പെടുത്തി സന്തോഷം കണ്ടെത്താൻ ചിലർ ശ്രമിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 10–12 വർഷത്തിനിടെ നടപ്പാക്കിയ മികച്ച പദ്ധതികൾ ഫലപ്രദമായി എന്ന് ഇന്ത്യ തെളിയിച്ചു.ലോകത്ത് ഇന്ത്യ വലിയ ബഹുമാനം നേടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയ്ക്ക് സ്ഥിരതയുള്ള സർക്കാരുണ്ട്. അതുകൊണ്ടാണ് 2014 മുതൽ ഒട്ടേറെ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞത്. ഇന്ത്യയുടെ ശക്തിയും ഭാവിയിലെ വളർച്ചയും നിർണയിക്കുന്നത് 7 മേഖലകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആ സപ്തധാരയാണ് ഇന്ത്യയുടെ ഭാവി നിർണയിക്കുന്നത്. ഉൽപാദനം, കർഷകർ, സാങ്കേതിക വിദ്യ, ഗതാഗതവും കണക്ടിവിറ്റിയും, പ്രതിരോധം, ഹരിത ഊർജം, യോഗയും കരകൗശല വിദ്യയും സിനിമയും ഉൾപ്പെടെയുള്ള സോഫ്റ്റ് പവർ, എന്നിവയാണ് ആ മേഖലകളെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചരിത്രത്തിൽ ആദ്യമായി ചെങ്കോട്ടയിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴങ്ങി. വന്ദേമാതരത്തിന്റെ 150ാം വാർഷികത്തിന്റെ ഭാഗമായിരുന്നു ഇത്. എല്ലാ ഇന്ത്യക്കാരുടെയും മനസ്സിൽ വന്ദേമാതരം മുഴങ്ങുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്ഘട്ടിലെത്തി പുഷ്പാപാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് പുറപ്പെട്ടത്. ചെങ്കോട്ടയിൽ വന്ദേമാതരവും പിന്നാലെ ദേശീയഗാനവും ആലപിച്ചു. തുടർന്ന് പതാക ഉയർത്തിയതോടെ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിന് തുടക്കമായി.