എറണാകുളം: മലയാളികളുടെ പത്തുനാൾ നീളുന്ന ഓണാഘോഷങ്ങൾക്ക് പകിട്ടേകി രാജനഗരിയായ തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും അണിനിരക്കുന്ന ഘോഷയാത്ര കാണാൻ പതിനായിരക്കണക്കിന് ആളുകളാണ് ചരിത്രപ്രസിദ്ധമായ അത്തച്ചമയ വീഥികളിലേക്ക് ഒഴുകിയെത്തുന്നത്. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര പ്രമാണിച്ച് നഗരത്തിലും പരിസര പ്രദേശങ്ങളിലും പോലീസ് കർശന ഗതാഗത നിയന്ത്രണങ്ങളും പാർക്കിംഗ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഓണക്കാലത്തിന്റെ വിളംബരം നടത്തുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയിലൂടെയാണ്.
കൊച്ചി രാജവംശത്തിന്റെ പ്രതിനിധി അത്തം പതാക നഗരസഭയ്‌ക്ക് കൈമാറിയതോടെ ചടങ്ങുകൾ ആരംഭിച്ചു. ഇന്ന് അത്തം പിറന്നതോടെ, മലയാളി ഓണാവേശത്തിലേക്ക് കടന്നിരിക്കുകയാണ്. കർക്കിടകത്തിന്റെ അറുതിയിൽ നിന്ന് പുത്തൻ പ്രതീക്ഷകളുമായി നാളെ ചിങ്ങം ഒന്ന് പിറക്കുന്നതോടെ കേരളക്കര ഒന്നാകെ ഓണാവേശത്തിലേക്ക് ഇറങ്ങിച്ചെല്ലും. ഇനി തൊടികളിൽ പൂ പറിച്ചും പൂക്കളം തീർത്തും പുതിയ പുടവകളണിഞ്ഞും രുചിയറിഞ്ഞുമുള്ള ഓണനാളുകളായിരിക്കും. ചലച്ചിത്ര താരം മനോജ് കെ ജയനാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുക.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരാണ് ഘോഷയാത്രയിൽ അണിനിരക്കുന്നത്. പുലികളി, തെയ്യം, വേലകളി, ചെണ്ടമേളം തുടങ്ങിയ തനത് നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് ഘോഷയാത്ര. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര സ്റ്റാച്യൂ ജംഗ്ഷൻ, കിഴക്കേ കോട്ട, പൂർണ്ണത്രയീശ ക്ഷേത്ര നട, വടക്കേക്കോട്ട വഴി വീണ്ടും പ്രാരംഭ സ്ഥലത്ത് സമാപിക്കും. കോട്ടയം ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ മുളന്തുരുത്തി, ചോറ്റാനിക്കര, തിരുവാങ്കുളം, സീപോർട്ട് എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും വൈക്കം ഭാഗത്ത് നിന്് വരുന്ന വലിയ വാഹനങ്ങൾ മുളന്തുരുത്തി – തിരുവാങ്കുളം റോഡിലൂടെ എറണാകുളത്തേക്ക് പോകണം.