ലഖിസരായി: ബീഹാറിലെ ലഖിസരായിലുള്ള അശോക്‌ധാം ക്ഷേത്രത്തിൽ ഇന്ന് രാവിലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴുപേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ഇന്ന് രാവിലെ 6.30നും 6.45നും ഇടയിൽ വലിയ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. തിരക്കിനിടെ വൈദ്യുത തൂൺ വീണ് ആളുകൾക്ക് ഷോക്കേറ്റതായും റിപ്പോർട്ടുണ്ട്. ശ്രാവണ മാസത്തിന്റെ ആരംഭം ആയതിനാലാണ് ഇവിടെ ഇന്ന് വലിയ തിരക്ക് അനുഭവപ്പെട്ടത്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ അപകടത്തിന്റെ കൃത്യമായ കാരണം പറയാനാകൂവെന്ന് ഡിവിഷണൽ സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) ശിവം കുമാർ പറഞ്ഞു. ക്ഷേത്രത്തിലെ അപകടം ദാരുണമാണെന്നാണ് ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പറഞ്ഞത്. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാനും അദ്ദേഹം അധികൃതർക്ക് നിർദേശം നൽകി.