തിരുവനന്തപുരം: പിഎംജിയിലെ പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ മാത്രം മോഷ്‌ടിച്ച് കള്ളൻ. ക്യാന്റീനിൽ സ്ഥിരമായി മോഷണം നടത്തുന്ന കള്ളനെ പിടികൂടാനാകാതെ വലയുകയാണ് പൊലീസ്. ഇവിടെ സ്ഥിരമായി കള്ളനെത്തുന്നത് രണ്ട് മാസം മുമ്പാണ് ശ്രദ്ധയിൽപ്പെട്ടത്.
ശനിയാഴ്‌ച ദിവസങ്ങളിലാണ് മോഷണം നടക്കുന്നത്. ഞായറാഴ്‌ച ക്യാന്റീൻ അവധിയായതിനാൽ തിങ്കളാഴ്‌ച രാവിലെ ജോലിക്കാർ എത്തുമ്പോൾ മാത്രമാണ് മോഷണവിവരം പുറത്തറിയുന്നത്. എണ്ണ, മസാലകൾ, പരിപ്പ്, ഉള്ളി, കുരുമുളക് തുടങ്ങിയ സാധനങ്ങളാണ് മോഷണം പോകുന്നത്. ഓരോ ആഴ്‌ചയിലും ഏകദേശം 4,000 രൂപയുടെ സാധനങ്ങൾ മോഷണം പോകുന്നുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. എന്നാൽ, ക്യാന്റീനിലുള്ള പണമോ മറ്റ് സാധനങ്ങളോ ഇയാൾ മോഷ്‌ടിക്കാറില്ല.
ക്യാന്റീൻ കെട്ടിടത്തിൽ തന്നെ സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് കള്ളൻ അകത്തുകയറുന്നത്. ഹെൽമെറ്റ് ധരിച്ചെത്തുന്ന ഇയാൾ സിസിടിവിയുടെ ദിശ തിരിച്ചുവയ്‌ക്കും. മോഷണം കഴിഞ്ഞ് മടങ്ങുമ്പോൾ സിസിടിവി പഴയ രീതിയിലേക്ക് മാറ്റുകയും ചെയ്യും. മോഷണം സ്ഥിരമായതോടെ അടുത്തിടെ കള്ളൻ അകത്തുകയറിയപ്പോൾ ക്യാന്റീൻ ഉടമയെത്തി വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടു. പക്ഷേ, ക്യാന്റീനുള്ളിലെ ലേഡീസ് റൂമിലെ ജനൽ തകർത്ത് മോഷ്‌ടാവ് രക്ഷപ്പെട്ടു. മോഷണത്തിനിടെ കള്ളൻ വീഴുന്നതിന്റെ ഉൾപ്പെടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പക്ഷേ, ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.