അൻസിജിക്ക് യാത്രാമൊഴി; വിങ്ങിപ്പൊട്ടി ഉറ്റവരും സഹപാഠികളും

വെള്ളറട: പ്രിൻസിപ്പൽ അടക്കമുള്ളവരുടെ മാനസിക പീഡനം മൂലം മാർത്താണ്ഡം കരിങ്കൽ ബത്‌ലഹേം നഴ്‌സിംഗ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച അൻസിജിക്ക് നാടിന്റെ അന്ത്യാഞ്ജലി.

കത്തിപ്പാറ പി.എ.എൻ ഹൗസിൽ അനിൽരാജ്- സോണിയ ദമ്പതികളുടെ മകളായ അൻസിജിയുടെ മൃതദേഹം ഇന്നലെ ഉച്ചയ്‌ക്ക് ശേഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ആദ്യം ഉദിയൻകുളങ്ങരയിൽ അൻസിജിയും കുടുംബവും താമസിച്ചിരുന്ന വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് 3ഓടെ മൃതദേഹം കത്തിപ്പാറയിലെത്തിച്ചത്. വിലാപയാത്രയായി കത്തിപ്പാറയിലെ വീട്ടിൽ കൊണ്ടുവന്ന മൃതദേഹം ഒരുനോക്കുകാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും അൻസിജിയുടെ സഹപാഠികൾ ഉൾപ്പെടെ ആയിരങ്ങളെത്തിയിരുന്നു.

ഉറ്റവരുടെ കൂട്ടനിലവിളികൾ കണ്ടുനിന്നവരെയും കണ്ണീരിലാഴ്‌ത്തി. സഹപാഠികൾ പൂക്കളുമായാണ് കൂട്ടുകാരിയെ അവസാനമായി കാണാനെത്തിയത്. നാലരയോടെ കുടുംബ കല്ലറയിലായിരുന്നു സംസ്‌കാരം. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ അൻസിജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ മരിച്ചു. കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമാണ് അൻസിജി മരിക്കാൻ ഇടയായതെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മൃതദേഹം ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ പോസ്റ്റുമോർട്ടം നടത്തണമെന്ന് അവർ ആവശ്യമുന്നയിച്ചെങ്കിലും അധികൃതർ വഴങ്ങിയില്ല.

തമിഴ്‌നാട്ടിൽ നിന്നെത്തിയ പൊലീസ് സംഘത്തെ അൻസിജിയുടെ ബന്ധുക്കൾ തടയുകയും മാർത്താണ്ഡത്തെ കോളേജിന് മുന്നിൽ വിദ്യാർത്ഥികൾ സമരം ശക്തമാക്കുകയും ചെയ്‌തതോടെ കന്യാകുമാരി കളക്ടർ തിരുവനന്തപുരം കളക്ടറുമായി ബന്ധപ്പെട്ടു. തുടർന്ന് തിങ്കളാഴ്ച രാത്രിയോടെ ആർ.ഡി.ഒ എത്തി ഇൻക്വസ്റ്റ് നടത്തുകയായിരുന്നു. ഇന്നലെ രാവിലെ തമിഴ്‌നാട് പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പോസ്റ്റുമോർട്ടം. നടപടികൾ പൂർണമായും വീഡിയോ റെക്കാഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *