പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിൽ സമുദ്ര പരിസ്ഥിതിക്കും തീരദേശങ്ങൾക്കും കനത്ത ഭീഷണിയുയർത്തി വൻ എണ്ണച്ചോർച്ച. റഷ്യൻ ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് തിരിച്ച ‘കരോളിൻ ബെസെംഗി’ കപ്പലാണ് അപകടത്തിൽപെട്ടത്. ഒമാൻ തീരത്തിനു സമീപം മണ്ണിലുറച്ചുപോയ കപ്പലിൽ നിന്നു എണ്ണ ചോരാൻ തുടങ്ങിയതോടെ ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തങ്ങളിലൊന്നിനെയാണ് അഭിമുഖീകരിക്കുന്നത്. ഇതിനുപുറമേ, ഗൾഫ് മേഖലയിൽ യുഎസ്-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെത്തുടർന്ന് ഇറാനിയൻ സമുദ്രാതിർത്തിയിലും വലിയ എണ്ണച്ചോർച്ചകൾ കണ്ടെത്തിയത് ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. ഈ ദുരന്തങ്ങളെല്ലാം കോടിക്കണക്കിന് ജീവികളുടെ ജീവനാണ് ഭീഷണിയാകുന്നത്.
2,000 ചതുരശ്ര കിലോമീറ്ററിലേക്ക് പടർന്ന് എണ്ണപ്പാട
8 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി വന്ന കപ്പൽ ജൂൺ 30നാണ് യെമൻ തീരത്തുവച്ചുണ്ടായ സ്‌ഫോടനത്തിൽ തകരുകയും മണ്ണിലുറച്ചുപോവുകയും ചെയ്തത്. ഇതിനിടെ എണ്ണ ചോർച്ച ഒമാന്റെ സുപ്രധാന സമുദ്ര പാർക്കായ അൽ ഹല്ലാനിയാത്തിലേക്ക് വരെ വ്യാപിച്ചു. സാറ്റലൈറ്റ് ചിത്രങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച് നിലവിൽ 2,000 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിൽ എണ്ണപ്പാട പടർന്നുപിടിച്ചിട്ടുണ്ട്. ബുധനാഴ്ച ഒമാൻ എൻവയോൺമെന്റ് അതോറിറ്റി നൽകുന്ന ഔദ്യോഗിക വിവരമനുസരിച്ച്, റാസ് മദ്‌റക്ക മേഖലയിലെ തീരപ്രദേശങ്ങളിൽ എണ്ണ മലിനീകരണം വൻതോതിൽ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഇവിടെ ഏകദേശം 40 കിലോമീറ്ററോളം തീരപ്രദേശത്തെയും, കോടിക്കണക്കിന് അപൂർവയിനം കടലാമകളുടെയും സമുദ്രജീവികളുടെയും കേന്ദ്രമായ മസീറ ദ്വീപിന്റെ തെക്കൻ തീരങ്ങളെയും ദുരന്തം നേരിട്ട് ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.
പഴക്കം ചെന്ന ഈ കപ്പൽ റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റിന്റെ’ ഭാഗമാണെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യാന്തര ഉപരോധങ്ങൾ മറികടക്കാൻ കൃത്യമായ പരിപാലനമോ ഇൻഷുറൻസോ ഇല്ലാതെ സർവീസ് നടത്തുന്ന കപ്പലുകളാണിവ. കപ്പലിന്റെ യഥാർഥ ഉടമസ്ഥർ ആരെന്ന് വ്യക്തമല്ലാത്തതിനാൽ രാജ്യാന്തര നിയമപ്രകാരം ശുചീകരണ, രക്ഷാ പ്രവർത്തനങ്ങളുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ ഉത്തരവാദികളായ ഏജൻസികളില്ലാത്തത് പ്രതിസന്ധി സങ്കീർണമാക്കുന്നു. മുന്നിലുള്ള വൻ പരിസ്ഥിതി നാശത്തെക്കുറിച്ച് രാജ്യാന്തര പരിസ്ഥിതി സംഘടനയായ ഗ്രീൻപീസ് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.