ന്യൂഡൽഹി: റോന്തുചുറ്റുന്നതിനിടയിൽ മൂന്ന് ഡൽഹി പോലീസ് ഉദ്യോഗസ്ഥർ ഒരു സംഘം ആളുകളുടെ ആക്രമണത്തിനിരയായി. രേഖകളില്ലാത്ത മോട്ടോർ സൈക്കിൾ പിടിച്ചെടുത്തതിനെ തുടർന്നായിരുന്നു ആക്രമണം. ഇഷ്ടികകളും വടിയും ഉപയോഗിച്ച് പൊലീസിനെ മർദ്ദിക്കുകയും രണ്ട് ഹെഡ് കോൺസ്റ്റബിൾമാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞതായുമാണ് റിപ്പോർട്ട്. കേസിൽ പ്രായപൂർത്തിയാവാത്ത ഒരാൾ കസ്റ്റഡിയിലായി.
ശനിയാഴ്ച മുകുന്ദ്പൂരിലെ ജനതാ വിഹാർ പ്രദേശത്താണ് സംഭവം നടന്നത്. ഹെഡ് കോൺസ്റ്റബിൾമാരായ ദിനേശും രാജേഷും പ്രദേശത്ത് പരിശോധന നടത്തിവരികയായിരുന്നു. ഈ സമയത്താണ് സാധുവായ രേഖകളില്ലാതെ ഓടിച്ചിരുന്ന ഒരു മോട്ടോർസൈക്കിൾ അവർ കണ്ടെത്തുകയും, ഡൽഹി പോലീസ് ആക്ടിലെ 66-മത് വകുപ്പ് പ്രകാരമുള്ള ആവശ്യമായ നടപടികൾക്കായി അത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തത്.
ഉച്ചയ്ക്ക് 3:30 ഓടെ പോലീസുകാർ തങ്ങളുടെ ബീറ്റിലേക്ക് മടങ്ങിയെത്തിയപ്പോൾ, മോട്ടോർസൈക്കിൾ ഉടമയും കുടുംബാംഗങ്ങളും ഉൾപ്പെട്ട ഒരു സംഘം വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് അവരെ തടഞ്ഞു. സംഘം അക്രമസ്വഭാവം കാട്ടുകയും രണ്ട് ഹെഡ് കോൺസ്റ്റബിളമാരുടെ കണ്ണുകളിൽ മുളക് പൊടി എറിയുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. കൂടാതെ ഇഷ്ടികകളും വടികളും ഉപയോഗിച്ചും അവർ പോലീസുകാരെ ആക്രമിച്ചു. സഹപ്രവർത്തകരെ സഹായിക്കാൻ സ്ഥലത്തെത്തിയ ഹെഡ് കോൺസ്റ്റബിൾ ടിനുവിനും മർദ്ദനമേറ്റു.
ഹെഡ് കോൺസ്റ്റബിൾ ദിനേശിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഇവർക്ക് വൈദ്യസഹായം നൽകിയിട്ടുണ്ടെന്നും നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു. പ്രദേശവാസികളുടെ സഹായത്തോടെ പോലീസ് സംഭവസ്ഥലത്തുനിന്ന് 17 വയസ്സുള്ള ഒരു പ്രായപൂർത്തിയാകാത്ത കുട്ടിയെ കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതികൾ രക്ഷപ്പെട്ടു. അവർക്കായി പോലീസ് സംഘങ്ങൾ തെരച്ചിൽ നടത്തിവരികയാണ്.