ഛത്രപതി സംഭാജിനഗർ: ഐഫോൺ വാങ്ങിയതിന്റെ കുടിശ്ശിക അടയ്ക്കുന്നതിനെ കുറിച്ചുള്ള തർക്കത്തിനൊടുവിൽ ഒരു കുടുംബം ഒന്നാകെ ഇല്ലാതായി! മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. 18 വയസ്സുകാരനായ കുനാൽ, അവനെ രക്ഷിക്കാൻ ശ്രമിക്കവെ കൊക്കയിലേക്ക് വീണ് മരിച്ച പിതാവ് മുരളീധർ, ഭർത്താവും മകനും വീഴുന്നത് കണ്ട് അതേ സ്ഥലത്തുനിന്ന് ചാടിമരിച്ച മാതാവ് സംഗീത എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.
ഇംഎംഐ അടവിനെ ചൊല്ലിയുണ്ടായ തർക്കത്തിനെ തുടർന്ന് 18 കാരനായ കുനാൽ വീടുവിട്ടിറങ്ങുകയും സമീപത്തെ തിസ്ഗാവ് മലയിൽ കയറി താഴേക്ക് ചാടി ജീവിതം അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. സംഭവസ്ഥലത്ത് തടിച്ചുകൂടിയ പ്രദേശവാസികൾ കുനാലിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. കൂട്ടത്തിലൊരാൾ പുതിയ ഐഫോൺ 15 പ്രോ വാങ്ങിനൽകാമെന്നു പോലും പറഞ്ഞു. “നിങ്ങളുടെ അമ്മയ്ക്കുവേണ്ടി ജീവിക്കൂ” എന്ന് ചാടാൻ ശ്രമിച്ച കുനാലിനോട് ഒരു വ്യക്തി പറയുന്നതായി വൈറലായ വീഡിയോയിൽ കാണാം. “ഇല്ല, ഞാൻ മരിക്കണം. അതുമാത്രമാണ് എന്റെ മുന്നിലുള്ള വഴി” എന്നായിരുന്നു കുനാലിന്റെ മറുപടി.
നാട്ടുകാരുടെ ശ്രമം പരാജയപ്പെട്ടതോടെ കുനാലിന്റെ അച്ഛൻ മുരളീധർ മല കയറിയെത്തി. കുനാൽ നിന്നിരുന്നിടത്തേക്ക് കയറിച്ചെന്ന പിതാവ് അവനെ മലയുടെ അരികിൽ നിന്ന് പിന്നോട്ട് വലിക്കാൻ ശ്രമിച്ചു. ഇതിനിടയിൽ ഇരുവരുടെയും നിയന്ത്രണം നഷ്ടപ്പെടുകയും താഴെയുള്ള കൊക്കയിലേക്ക് വീഴുകയും ചെയ്തു. ഭർത്താവും മകനും വീഴുന്നത് കണ്ട സംഗീത നിമിഷങ്ങൾക്കകം മലമുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു!
പൊലീസ് നൽകുന്ന വിവരമനുസരിച്ച്, ഐഫോൺ വാങ്ങിയ കുനാൽ ഇഎംഐ അടയ്ക്കാനായി കുടുംബത്തോട് പണം ചോദിച്ചിരുന്നു. തുക നൽകുന്നതുമായി ബന്ധപ്പെട്ട് പിതാവുമായി വലിയ വാക്കുതർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ കുനാൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയും, വാളുജ് എംഐഡിസി പൊലീസ് സ്റ്റേഷൻ പരിധിയിലെ തിസ്ഗാവ് പ്രദേശത്തുള്ള ഒരു മലമുകളിൽ രാവിലെ 10 മണിയോടെ കയറുകയും ചെയ്തു.
മാതാപിതാക്കൾ അവനെ പിന്തുടർന്ന് സ്ഥലത്തെത്തുകയും, മറ്റ് നാട്ടുകാരു ചേർന്ന് താഴെയിറക്കാൻ ഏകദേശം മൂന്ന് മണിക്കൂറോളം അനുനയശ്രമം നടത്തുകയും ചെയ്തു.എന്നാൽ, പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിട്ടും എന്തുകൊണ്ടാണ് സുരക്ഷാ വല (സേഫ്റ്റി നെറ്റ്) സ്ഥാപിക്കാൻ കഴിയാത്തത് എന്നത് വ്യക്തമല്ല. ഉച്ചയ്ക്ക് ഒരു മണിയോടെ, അതായത് പ്രതിസന്ധി തുടങ്ങി മൂന്ന് മണിക്കൂറിന് ശേഷം, മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പൊലീസ് മൃതദേഹങ്ങൾ കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.