വാഹനങ്ങളുടെ അനധികൃത മോഡിഫിക്കേഷന് ഓരോന്നിനും പ്രത്യേകം പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ അനധികൃത മോഡിഫിക്കേഷനിൽ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് എംവിഡിയുടെ തീരുമാനം. സമൂഹ മാദ്ധ്യമങ്ങളിൽ റീൽസ് ചിത്രീകരിക്കാൻ നിയമവിരുദ്ധമായി മോഡിഫിക്കേൻ ചെയ്യുന്ന വാഹനങ്ങൾ കണ്ടെത്തണമെന്ന് ഹൈക്കോടതി നിർദേശമുണ്ട്. ഇത്തരത്തിൽ കണ്ടെത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ ഈടാക്കാനാണ് ഹൈക്കോടതിയുടെ ന‌ിർദേശം.

 

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് റീലുകൾ ചിത്രീകരിക്കുന്നതിനായി നിയമവിരുദ്ധമായി രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് എംവിഡിയുടെ തീരുമാനം. അതേസമയം, മൂന്ന് മാസത്തിനിടെ ഇത്തരത്തിൽ മോഡിഫിക്കേഷൻ നടത്തിയ വാഹനങ്ങൾ പിടികൂടിയിട്ടുണ്ടെങ്കിൽ ആ വാഹനങ്ങളുടെ കൃത്യമായ കണക്കുകൾ അടങ്ങിയ റിപ്പോർട്ട് തയ്യാറാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

 

കമ്പനി നിർമിച്ചുനൽകുന്ന വാഹനങ്ങൾ ഏത് രീതിയിലാണോ അതേ രീതിയിൽ തന്നെ നിരത്തിൽ ഉപയോഗിക്കണമെന്നും ഹൈക്കോടതിയുടെ കർശനനിർദേശമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണസമയത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ മോഡിഫിക്കേഷനുകളിൽ ചിലയിളവുകൾ അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ യാതൊരുവിധ ഇളവുമുണ്ടാകില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതിന്റെ ഭാഗമായി വരുംദിവസങ്ങളിൽ സംസ്ഥാനത്ത് വാഹനങ്ങളുടെ അനധികൃത മോഡിഫിക്കേൻ കണ്ടെത്തുന്നതിനായി മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *