ന്യൂഡൽഹി: ഗുജറാത്തിലെ വഡോദരയിൽ നിന്ന് മുംബയിലേക്ക് 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മുൻ എയർ ഹോസ്റ്റസും സഹായിയും അറസ്റ്റിൽ. മലേഷ്യൻ എയർലൈൻസ് മുൻ എയർ ഹോസ്റ്റസായ മാൻസി സയ്യിദ് (41), ഇവരുടെ സഹായി സൊഹൈൽ സുലൈമാൻ ഷെയ്ഖ് (20) എന്നിവരാണ് പിടിയിലായത്. കാറിൽ വൻതോതിൽ മെഫെഡ്രോൺ മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൂറത്ത് ക്രൈംബ്രാഞ്ചാണ് അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.
കാറിൽ നിന്ന് 977 ഗ്രാം മയക്കുമരുന്ന്, മൊബൈൽ ഫോൺ, മയക്കുമരുന്ന് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ, കണ്ടെയ്‌നറുകൾ തുടങ്ങിയവയാണ് പൊലീസ് പിടിച്ചെടുത്തത്. മുംബയിലെ സാന്റാക്രൂസ് സ്വദേശികളായ ഇരുവരും വർഷങ്ങളായി പരിചയക്കാരാണ്. മുംബയിൽ നിന്ന് വാടകയ്‌ക്കെടുത്ത കാറിലാണ് പ്രതികൾ വഡോദരയിലെത്തിയത്. ഇവിടെ റെയിൽവേ സ്റ്റേഷനിൽ ഒരു സ്‌ത്രീയിൽ നിന്ന് മയക്കുമരുന്ന് വാങ്ങി, ഇത് മുംബയിലെത്തിച്ച് അഞ്ച് മുതൽ പത്ത് ഗ്രാം വരെയുള്ള പാക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് വിൽക്കാനായിരുന്നു പദ്ധതിയെന്ന് ചോദ്യംചെയ്യലിൽ ഇരുവരും സമ്മതിച്ചു.
എയർ ഹോസ്റ്റസ് ജോലി രാജിവച്ച ശേഷം 2015 മുതൽ മാൻസി മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. 2021ൽ മദ്ധ്യപ്രദേശിലെ ഇന്ദോറിൽ 100 ഗ്രാം മയക്കുമരുന്നുമായി ഇവർ പിടിയിലാവുകയും നാല് വർഷത്തോളം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്. ഇവർക്ക് മദ്ധ്യപ്രദേശിലെ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ട്. ഇവർക്ക് വഡോദരയിൽ മയക്കുമരുന്ന് നൽകിയ അപരിചിതയായ സ്‌ത്രീയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.