തിരുവോണ ദിനത്തിൽ മുത്താനയെ നടുക്കിയ കൊലപാതകം

തിരുവോണ ദിനത്തിൽ തിരുവനന്തപുരം ജില്ലയിലെ വർക്കല മുത്താനയിൽ നാടിനെ നടുക്കിയ ഒരു കൊലപാതകം നടന്നു. മുൻ വൈരാഗ്യത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ മുത്താന സ്വദേശിയായ പ്രജി എന്ന യുവാവാണ് ദാരുണമായി കുത്തേറ്റു മരിച്ചത്. വൈകുന്നേരം അഞ്ചു മണിയോടെ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുകയായിരുന്ന പ്രജിയുടെ അടുത്തേക്ക് ഗൗരി കൃഷ്ണൻ, അമ്പാടി എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കടന്നുവരികയായിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും, ഒന്നാം പ്രതിയായ ഗൗരി കൃഷ്ണൻ തൻ്റെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രജിയുടെ നെഞ്ചിലും പുറത്തും അതിക്രൂരമായി കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രജിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കൊലപാതകത്തിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ച ഗൗരി കൃഷ്ണനെ വെറും ഒരു മണിക്കൂറിനുള്ളിൽ തന്നെ കല്ലമ്പലം പോലീസ് അതിവിദഗ്ധമായി പിടികൂടി. ഇയാളെ കൂടാതെ കൊലപാതകത്തിൽ പങ്കുള്ള അമ്പാടി എന്ന ഷൈജു, കണ്ണൻ, മനു, രജിത്ത് എന്നീ മറ്റു നാല് പ്രതികളെയും മണിക്കൂറുകൾക്കകം പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ അഞ്ച് പ്രതികളെയും കല്ലമ്പലം പോലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൊല്ലപ്പെട്ട പ്രജിയുടെ മൃതദേഹം തുടർനടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *