നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കോൺഗ്രസിനുള്ളിൽ പുതിയ തർക്കങ്ങൾക്ക് വഴിതുറക്കുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാറിനെയും മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉന്നയിച്ച വിമർശനങ്ങളെ പൂർണ്ണമായും തള്ളി കോഴിക്കോട് എം പി എം കെ രാഘവൻ രംഗത്തെത്തിയതോടെ പോര് പരസ്യമായി.
പി വി അൻവർ മികച്ചതും പ്രഗത്ഭനുമായ സ്ഥാനാർത്ഥിയായിരുന്നുവെന്ന് എം കെ രാഘവൻ വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നും, തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ മനസിലാക്കാൻ ബൂത്ത് തലത്തിൽ അടിയന്തര അന്വേഷണ കമ്മിഷനെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പേരാമ്പ്രയിൽ നൽകിയ സ്വീകരണ ചടങ്ങിൽ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറാണ് ആദ്യമായി അൻവറിന്റെ സ്ഥാനാർത്ഥിത്വത്തെ ചോദ്യം ചെയ്തത്. കൈപ്പത്തിയിലോ കോണി ചിഹ്നത്തിലോ ഉള്ള സ്ഥാനാര്‍ത്ഥി ആയിരുന്നെങ്കിൽ ജില്ലയിലെ 13 സീറ്റുകളും യുഡിഎഫ് നേടുമായിരുന്നുവെന്നും, സ്ഥാനാർത്ഥി നിർണയം പാളിയതിനാലാണ് ബേപ്പൂരിൽ 7,487 വോട്ടുകൾക്ക് മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിനോട് അൻവർ പരാജയപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഈ നിലപാടിനെ പിന്തുണച്ചു.
ബേപ്പൂരിലേക്ക് മത്സരിക്കാൻ തന്നെ ക്ഷണിച്ചത് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറും കെപിസിസി ജനറൽ സെക്രട്ടറി ജയന്തുമാണെന്ന് അൻവർ വെളിപ്പെടുത്തിയിരുന്നു. വി ഡി സതീശൻ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതോടെയാണ് താൻ ചതിക്കപ്പെട്ട കാര്യം ബോധ്യപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫ് ശക്തികേന്ദ്രങ്ങളായ രാമനാട്ടുകര, ഫറോക്ക് നഗരസഭകളിൽ പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചില്ലെന്ന് പി വി അൻവറും എം കെ രാഘവനും ചൂണ്ടിക്കാട്ടി. രാമനാട്ടുകരയിൽ കേവലം 140 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. എൽഡിഎഫ് കോട്ടകളിൽ അൻവർ മുന്നേറ്റമുണ്ടാക്കിയപ്പോൾ യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ട് ചോർന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടും നേതൃത്വം നടപടിയെടുത്തില്ലെന്നും അൻവർ കുറ്റപ്പെടുത്തി.