ആലപ്പുഴ: ഓണാഘോഷം കഴിഞ്ഞു, മറ്റു സംസ്ഥാനങ്ങളിലെ ജോലിസ്ഥലങ്ങളിലേക്കു തിരികെ പോകാൻ സ്പെഷൽ ട്രെയിനുകൾഇല്ലാതെ യാത്രക്കാർ ദുരിതത്തിൽ. ആലപ്പുഴയിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് ആലപ്പുഴ തീരദേശപാത വഴി പ്രത്യേക ട്രെയിനുകൾ അനുവദിക്കാത്തതാണ് യാത്രാദുരിതം ഇരട്ടിയാക്കിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഓണത്തിനു നാട്ടിലെത്തിയ ഒട്ടേറെ കുടുംബങ്ങളാണ് തിരികെ പോകാൻ കഴിയാതെ വലയുന്നത്.
ആലപ്പുഴ ടൗണിൽ നിന്നുള്ള യാത്രക്കാർക്ക് സ്പെഷൽ ട്രെയിനുകൾ കയറണമെങ്കിൽ കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ സ്റ്റേഷനുകളെയോ എറണാകുളം, കോട്ടയം ജില്ലകളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഓണത്തിനു തീരദേശപാത വഴി പ്രത്യേക ട്രെയിൻ സർവീസ് നടത്താൻ റെയിൽവേ ആലോചിച്ചിരുന്നതായാണ് വിവരം. എന്നാൽ, അവസാനനിമിഷം ഇവ കോട്ടയം വഴി തിരിച്ചുവിടുകയായിരുന്നു. കഴിഞ്ഞ വർഷം ആലപ്പുഴ വഴി ഒരു സ്പെഷൽ ട്രെയിൻ ഓടിച്ചിരുന്നെങ്കിൽ ഇത്തവണ അത് ഉണ്ടായില്ല.
സ്വകാര്യ ബസുകളുടെ അമിത നിരക്കും ടിക്കറ്റ് കിട്ടാനില്ലാത്തതും ഇതര സംസ്ഥാനങ്ങളിലെ ജോലിസ്ഥലങ്ങളിലേക്ക് തിരികെ പോകാനാകാതെ യാത്രക്കാർ നെട്ടോട്ടമാണ്. നിലവിലുള്ള ട്രെയിനുകളുടെ ജനറൽ കോച്ചുകളിൽ കാലുകുത്താൻ പറ്റാത്തവിധം തിരക്കാണ്. സിംഗിൾ ലൈൻ പാതയായതിനാലാണ് ആലപ്പുഴ വഴി സ്പെഷൽ ട്രെയിനുകൾ ഓടിക്കാൻ കഴിയാത്തത് എന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം. സിംഗിൾ ലൈൻ പാതയിലൂടെ അധിക സർവീസ് നടത്തിയാൽ മറ്റു സർവീസുകളെ ബാധിക്കുമെന്നും നിലവിലുള്ള ട്രെയിനുകളിൽ പരമാവധി കോച്ചുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുമാണ് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം.
ആലപ്പുഴ വഴി കൃത്യമായ സമയക്രമീകരണം നടത്തിയാൽ അധിക സർവീസുകൾ കൈകാര്യം ചെയ്യാനാകുമെന്നാണ് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്. സ്പെഷൽ ട്രെയിൻ സർവീസുകളുടെ അഭാവം മുതലെടുത്ത് സ്വകാര്യ ബസ് ഓപ്പറേറ്റർമാർ അമിത ചാർജ് ഈടാക്കുന്നതായും ആക്ഷേപമുണ്ട്. ബംഗളൂരുവിൽ നിന്ന് ആലപ്പുഴയ്ക്ക് 1,500 രൂപയുണ്ടായിരുന്ന ടിക്കറ്റിന് സീസൺ സമയത്ത് 3,500 രൂപ വരെയായി വർധിപ്പിച്ചു. മൂന്നു പേരുള്ള ഒരു കുടുംബത്തിനു നാട്ടിലെത്തി തിരികെ മടങ്ങാൻ ബസ് ടിക്കറ്റ് ഇനത്തിൽ മാത്രം 21,000 രൂപയ്ക്കു മുകളിൽ ചെലവഴിക്കേണ്ട അവസ്ഥയാണ്.