നേപ്പാൾ പ്രളയം: തുരങ്ക രക്ഷാപ്രവർത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും; 60 ടൺ സഹായസാമഗ്രികൾ എത്തിച്ചു

നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് തുരങ്കങ്ങളിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനത്തിന് ഇന്ത്യ പ്രത്യേക വിദഗ്ധ സംഘത്തെ അയക്കും. തിരച്ചിലിന് പരിശീലനം ലഭിച്ച സംഘത്തെയും ആവശ്യമായ യന്ത്രസാമഗ്രികളെയും ഉടൻ നേപ്പാളിലേക്ക് അയക്കുമെന്ന് ഇന്ത്യ അറിയിച്ചു. നിലവിൽ സാമ്പത്തിക സഹായത്തിന് പകരം എൻഡിആർഎഫ് ഉൾപ്പെടെയുള്ള സഹായമാണ് നൽകുക.

മെഡിക്കൽ സംഘത്തെയും നേപ്പാളിലേക്ക് അയക്കും. ജനറേറ്റർ, മരുന്നുകൾ തുടങ്ങിയവ ഉൾപ്പെടെ 60 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇതിനകം ഇന്ത്യ എത്തിച്ചിട്ടുണ്ട്. ദുരന്തത്തിൽപ്പെട്ട ഇന്ത്യക്കാരുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്നും സ്ഥിരീകരണത്തിന് കുറച്ചുകൂടി സമയമെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവർക്കായി യാത്രാ സൗകര്യങ്ങൾ ഒരുക്കും. ഇതിന്റെ ഭാഗമായി കൂടുതൽ ബെയിലി പാലങ്ങൾ നിർമിക്കുമെന്നും മന്ത്രാലയം അറിയിച്ചു. നേപ്പാളിൽ കാണാതായ 60 മലയാളികളും സുരക്ഷിതരാണെന്ന് നോർക്ക അറിയിച്ചു. എട്ട് മലയാളികളെക്കുറിച്ച് ഇപ്പോഴും വിവരമില്ലെന്നും ഇവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയെന്നും നോർക്ക വ്യക്തമാക്കി.

യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം തുടരുന്നതിനിടെ, ടിബറ്റ് മേഖലയിൽ തടയണ തകർന്നതും കനത്ത മഴയും കാരണം പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. നിലവിൽ 320 ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, നേപ്പാളിൽ കുടുങ്ങിയ ആദ്യ സംഘം ഇന്ത്യയിൽ തിരിച്ചെത്തി. തമിഴ്നാട്ടിൽ നിന്നുള്ള 21 അംഗ സംഘത്തെ വിമാനത്താവളത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സ്വീകരിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ചൈനയിലെയും നേപ്പാളിലെയും എംബസി ഉദ്യോഗസ്ഥരുമായി ജയശങ്കർ യോഗം ചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *