മേഘാലയയിൽ 9 യുഡിപി എംഎൽഎമാർ ബിജെപിയിലേക്കെന്ന് കാലുമാറിയേക്കും

ഷില്ലോങ്: മേഘാലയയിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു. എട്ട് യു.ഡി.പി. (യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി) എംഎൽഎമാർ ബി.ജെ.പിയിലേക്കെന്ന് സൂചന. എൻ.പി.പി. നേതൃത്വം നൽകുന്ന സഖ്യമാണ് മേഘാലയ ഭരിക്കുന്നത്. ഈ സഖ്യത്തിൽ ഉൾപ്പെട്ടതാണ് ബി.ജെ.പിയും യു.ഡി.പിയും. അതായത് എതിർപക്ഷത്തുനിന്നല്ല, മുന്നണിക്കകത്തെ ഒരു കക്ഷിയിൽനിന്നാണ് ഒൻപത് എംഎൽഎമാർ ബി.ജെ.പിയിലേക്ക് എത്തുകയെന്ന് ചുരുക്കം. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അറുപതംഗ മേഘാലയ അസംബ്ലിയിൽ രണ്ട് അംഗങ്ങൾ മാത്രമാണ് ബി.ജെ.പിക്കുള്ളത്. യു.ഡി.പിക്ക് 12 എംഎൽഎമാരും. ഒൻപത് യു.ഡി.പി. എംഎൽഎമാർ കൂടി എത്തുന്നതോടെ ബി.ജെ.പിയുടെ അംഗസംഖ്യ രണ്ടക്കമാകും. ഈയടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യു.ഡി.പി. നിയമസഭാംഗങ്ങളും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നു. എഫ്‌.സി.ആർ.എ. ഉൾപ്പെടെ മേഘാലയയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൂടിക്കാഴ്ചയിൽ ചർച്ചയായതെന്നായിരുന്നു യുഡിപിയുടെ പ്രതികരണം.

യു.ഡി.പിയ്ക്കുള്ളിൽ അതൃപ്തി പുകയുന്നെന്ന വാർത്തകൾക്കിടെയാണ് എംഎൽഎമാർ ബി.ജെ.പിയിലേക്ക് പോകുന്നെന്ന വാർത്തകൾ വരുന്നത്. യു.ഡി.പി. അധ്യക്ഷൻ മെത്ബാഹ് ലിങ്‌ദോയോട് പല എംഎൽഎമാർക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. യു.ഡി.പിയുടെ 12 എംഎൽഎമാരിൽ എട്ട് എംഎൽഎമാർ ബി.ജെ.പി. പാളയത്തിലെത്തിയാൽ കൂറുമാറ്റ നിരോധന നിയമത്തെ അതിജീവിക്കാനാകും. നിലവിൽ ഒൻപത് യു.ഡി.പി. എംഎൽഎമാർ ബി.ജെ.പിക്കൊപ്പം പോകാനൊരുങ്ങുന്നെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *