ആറന്മുള: ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി. ജലമേളയുടെ എ ബാച്ച് വിഭാഗത്തിൽ വാശിയേറിയ കലാശപ്പോരാട്ടത്തിൽ കടുത്ത മത്സരത്തിനൊടുവിലാണ് മേലുകര കപ്പ് സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം വർഷമാണ് മേലുകര മന്നം ട്രോഫി സ്വന്തമാക്കുന്നത്.
ഒന്നാം സ്ഥാനത്തെത്തിയ മേലുകര പള്ളിയോടം 4.32 സെക്കൻഡിൽ തുഴഞ്ഞെത്തിയപ്പോൾ, തൊട്ടുപിന്നിൽ കോഴിപ്പുറം (4.3349 സെക്കൻഡ്), ഇടശ്ശേരിമല കിഴക്ക് (4.3374 സെക്കൻഡ്), മല്ലപ്പുഴശ്ശേരി (4.349 സെക്കൻഡ്) എന്നീ പള്ളിയോടങ്ങൾ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലായി ഫിനിഷ് ചെയ്തു.
ബി ബാച്ച് വിഭാഗത്തിൽ 4.42 സെക്കൻഡിൽ തുഴഞ്ഞെത്തി കോറ്റാത്തൂർ കൈതക്കോടി പള്ളിയോടമാണ് കിരീടം ചൂടിയത്. 19-ാം തവണയാണ് കോറ്റാത്തൂർ ജേതാക്കളാകുന്നത്. കോറ്റാത്തൂരിന്റെ തുടർച്ചയായ മൂന്നാം വർഷത്തെ വിജയമാണിതെന്ന പ്രത്യേകതയുമുണ്ട്. വന്മഴി (4.43 സെക്കൻഡ്) രണ്ടാം സ്ഥാനവും, തോട്ടപ്പുഴശ്ശേരി (4.44 സെക്കൻഡ്) മൂന്നാം സ്ഥാനവും, മംഗലം (4.45 സെക്കൻഡ്) നാലാം സ്ഥാനവും കരസ്ഥമാക്കി.
തുടക്കം മുതൽ ഒടുക്കം വരെ ഒരേ താളത്തിലും വേഗതയിലും തുഴഞ്ഞ വള്ളങ്ങൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. മന്നം ട്രോഫിക്ക് പുറമെ മികച്ച സമയം കുറിച്ച വള്ളങ്ങൾക്കും മികച്ച രീതിയിൽ തുഴഞ്ഞവർക്കും മികച്ച പാട്ടിനും പള്ളിയോടങ്ങളെയും പുരസ്കാരങ്ങൾ നൽകും. സമ്മാനദാന ചടങ്ങോടെ ഇത്തവണത്തെ ആറന്മുളയുടെ ജലോത്സവത്തിന് ആചാരപ്പെരുമയോടെ സമാപനമാകും.