കോഴിക്കോട്: നീന്തൽ മത്സരജേതാവായ പെൺകുട്ടിക്ക് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് സമ്മാനം നൽകുന്നതിൽ പ്രതിഷേധിച്ച് രക്ഷിതാവ്. കോഴിക്കോട് ചെറൂട്ടി റോഡിലെ സ്‌പോർട്‌സ് കോംപ്ലക്‌സിലായിരുന്നു സംഭവം.
സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. ഇതാണ് പെൺകുട്ടിയുടെ രക്ഷിതാവ് പ്രതിഷേധിക്കാൻ കാരണം. നീന്തൽ മത്സരത്തിൽ വിജയിയായ മകൾക്ക് ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകുന്നതിനെ പിതാവ് പരസ്യമായി എതിർക്കുകയായിരുന്നു.
‘കൊലയാളി ശ്രീറാം വെങ്കിട്ടരാമൻ കൊടുക്കണ്ട. കൊലയാളി കൊടുക്കണ്ട. എന്റെ മോൾക്ക് കൊടുക്കണ്ട, കൊലയാളി വേണ്ട…, എന്നിങ്ങനെ ഇദ്ദേഹം ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് പ്രതിഷേധിച്ചു. ഇതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്. അതേസമയം, അങ്ങനെ പറയരുതെന്ന് അവിടെയുണ്ടായിരുന്നവർ പറയുന്നതും കേൾക്കാം. എന്നാൽ പിതാവ് തന്റെ നിലപാടിൽ ഉറച്ചുനിന്നതോടെ, കോഴിക്കോട് അസിസ്റ്റന്റ് കളക്ടറാണ് കുട്ടിക്ക് സമ്മാനം നൽകിയത്.
കുട്ടികളുടെ നീന്തൽ മത്സരത്തിന് പുറമെ ട്രയാത്ലോൺ മത്സരവും ഇവിടെ നടന്നിരുന്നു. ഇതിൽ മത്സരാർഥിയായി പങ്കെടുക്കാനാണ് ശ്രീറാം വെങ്കിട്ടരാമൻ എത്തിയത്. ഇതിനിടെ മത്സരവിജയികളായ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്യാൻ സംഘാടകർ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.