മിന്നൽപ്രളയത്തിൽ തകർന്ന 50 കോടിയുടെ സ്വർ‌ണശേഖരമുള്ള നേപ്പാളിലെ ബാങ്കിൽ നേപ്പാൾ പൊലീസ് എത്തി

കഠ്മണ്ഡു ∙ നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ തകർന്ന അഗ്രികൾച്ചർ ഡെവലപ്‌മെന്റ് ബാങ്കിന്റെ തൃശൂലി ധുങ്കെ ബ്രാഞ്ചിൽ നിന്നും കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സ്വർണവും പണവും രേഖകളും നേപ്പാൾ പൊലീസ് സാഹസികമായി വീണ്ടെടുത്തു. പ്രളയക്കെടുതി രൂക്ഷമായ പ്രദേശത്ത് അതീവ ദുഷ്‌കരമായ സാഹചര്യങ്ങളോട് പൊരുതി എട്ട് മണിക്കൂറോളം നീണ്ട കഠിനപ്രയത്നത്തിനൊടുവിലാണ് പൊലീസ്, വൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ബാങ്കിന്റെ തകർന്ന സമുച്ചയത്തിനുള്ളിലെ ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന ഏകദേശം 50 കോടി രൂപ വിലമതിക്കുന്ന സ്വർണശേഖരവും 1.5 കോടി രൂപയുടെ നോട്ടുകെട്ടുകളുമാണ് പൊലീസ് സുരക്ഷിതമായി പുറത്തെടുത്തത്.

പണത്തിനും സ്വർണത്തിനും പുറമെ ബാങ്കിലെ അതീവ രഹസ്യ സ്വഭാവമുള്ള മറ്റ് ഡിജിറ്റൽ-കടലാസ് രേഖകളും പൊലീസ് വീണ്ടെടുത്ത് ഉയർന്ന സുരക്ഷയുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. നേപ്പാൾ പൊലീസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെ ദൗത്യത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പങ്കുവച്ചു.അതേസമയം, പ്രളയത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെടുകയും എന്നാൽ തിരിച്ചറിയാൻ കഴിയാത്തവിധം ജീർണിക്കുകയും ചെയ്ത നൂറുകണക്കിന് ആളുകളുടെ മൃതദേഹങ്ങൾ നേപ്പാൾ ഭരണകൂടം കൂട്ടത്തോടെ സംസ്‌കരിക്കാൻ ആരംഭിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച ദുരന്തം വിതച്ച രസുവ താഴ്‌വരയിൽ നിന്നും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ മൃതദേഹങ്ങളാണ് 200 കിലോമീറ്റർ അകലെയുള്ള ചിത്വാൻ ജില്ലയിലെ ദേവ്ഘട്ട് വനമേഖലയിൽ കൂട്ടത്തോടെ അടക്കം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *