മെസ്സിയുടെ പേരിലുള്ള തട്ടിപ്പ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ ശുപാർശ

തിരുവനന്തപുരം: ഇതിഹാസ താരം ലയണൽ മെസ്സി നായകനായ അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടത്തിയ തട്ടിപ്പിനെ കുറിച്ച് സർക്കാർ സമഗ്ര അന്വേഷണം നടത്താനൊരുങ്ങുന്നു. ഇതിനായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കാൻ മുഖ്യമന്ത്രി വിഡി സതീശൻ ശുപാർശ ചെയ്തു. തുടക്കം മുതലുള്ള എല്ലാ നടപടികളും അന്വേഷിക്കാനാണ് തീരുമാനം. കായികവകുപ്പിന്റെ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറി.

മെസിയുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍, വിദേശത്തേക്ക് പണമയയ്ക്കല്‍, വിദേശനാണയ വിനിമയ ചട്ടലംഘനം എന്നിവയെക്കുറിച്ച് കായിക വകുപ്പിന്റെ റിപ്പോര്‍ട്ടിൽ സൂചനയുണ്ടെന്നാണ് റിപ്പോർട്ടുകൾ. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി കരാറിലേക്ക് എങ്ങനെയെത്തിയെന്നും മുന്‍ സര്‍ക്കാരിന്റെ പങ്കെന്തെന്നും സ്‌പോണ്‍സറെ എങ്ങനെ കണ്ടെത്തിയെന്നും വിദേശത്തേക്ക് എത്ര രൂപ അയച്ചു എന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നാണ് വിവരം.

സാമ്പത്തിക ഇടപാടുകൾ, ഫണ്ടിന്റെ സ്രോതസ്സ്, സ്റ്റേഡിയം കൈമാറ്റം ഉൾപ്പെടെയുള്ള സർക്കാർ അനുമതികൾ, മെസിയെ കൊണ്ടുവരാൻ എന്ന പേരിലെ വിദേശ സന്ദർശനം, കരാറുകൾ എന്നിവയെല്ലാം അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നാണ് വിവരം.

അതീവ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും അന്വേഷണം മുന്നോട്ടുപോകാത്തത് രൂക്ഷ വിമർശനത്തിനു കാരണമായിരുന്നു. വിഷയം കൂടുതലായി പഠിച്ചിട്ട് തീരുമാനമെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *