ലെബനാനിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ; 11 പേർ കൊല്ലപ്പെട്ടു

ബെയ്‌റൂത്ത്: തെക്കൻ ലെബനനിൽ ശനിയാഴ്ചയുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ കുറഞ്ഞത് 11 പേർ കൊല്ലപ്പെട്ടു. അൻസാറിന്റെ അതിർത്തിയിലുള്ള ഒരു വീടിനു നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടതായി ലെബനീസ് അധികാരികൾ അറിയിച്ചു. ദെയർ അൽ-സഹ്‌റാനിയിലുണ്ടായ ആക്രമണത്തിൽ മറ്റു നാലുപേരും കൊല്ലപ്പെട്ടു. ജൂൺ 20-ന് ഇസ്രായേലും ഹിസ്ബുള്ളയും വെടിനിർത്തൽ കരാറിലെത്തിയതിനു ശേഷമുള്ള ഏറ്റവും മാരകമായ ആക്രമണങ്ങളാണിത്.

ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയെ നിരായുധീകരിക്കുന്നതിന് പകരമായി തെക്കൻ ലെബനനിൽ നിന്ന് ഇസ്രായേൽ പിന്മാരുന്നതിനുള്ള കരട് കരാർ ഇസ്രായേലും ലെബനൻ സർക്കാരും ജൂൺ 26-ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹിസ്ബുള്ള ഈ കരാറിന്റെ ഭാഗമായിരുന്നില്ല. കൂടാതെ നേരിട്ടുള്ള ചർച്ചകൾ അവർ നിരസിക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ച പുലർച്ചെ, തെക്കൻ നഗരമായ നബാത്തിയയുടെ ചില ഭാഗങ്ങളിലേക്കും തന്ത്രപ്രധാനമായ അലി താഹിർ കുന്നിന് നേരെയും കനത്ത ഇസ്രായേൽ വ്യോമാക്രമണമുണ്ടായതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, ലിതാനി നദിക്ക് വടക്കുള്ള പ്രദേശത്ത് ഇസ്രായേൽ സൈന്യം ദിവസേനയെന്നോണം ആക്രമണങ്ങൾ തുടരുന്നുണ്ട്. തെക്കുഭാഗത്തുള്ള വലിയ പ്രദേശങ്ങൾ ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

അൻസാറിലെ ആക്രമണത്തിൽ രണ്ടുപേർക്കും ദെയർ അൽ-സഹ്‌റാനിയിലുണ്ടായ ആക്രമണത്തിൽ 17 പേർക്കും പരിക്കേറ്റിട്ടുണ്ടെന്നും ലെബനന്റെ ആരോഗ്യ മന്ത്രാലയവും ഔദ്യോഗിക വാർത്താ ഏജൻസിയും അറിയിച്ചു. വെടിനിർത്തൽ നിലവിൽ വന്ന് രണ്ട് മാസത്തിനിടയിലെ ഏറ്റവും മാരകമായ ആക്രമണങ്ങളായിരുന്നു ശനിയാഴ്ചത്തേത്. ജൂലൈ 6-ന് നബാത്തിയ ഫൗകയിൽ ഉണ്ടായ ആക്രമണങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. വെടിനിർത്തൽ നിലവിൽ വരുന്നതിന് തലേദിവസമായ ജൂൺ 19-ന് ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 83 പേർ കൊല്ലപ്പെടുകയും 141 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *