ഇറാനില്‍ വിവാഹച്ചടങ്ങിലേക്ക് യുഎസ് മിസൈലാക്രമണം; കുഞ്ഞുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: പശ്ചിമേഷ്യയെ വീണ്ടും ഭീതിയുടെ നിഴലിലാഴ്ത്തി ഇറാനില്‍ യു.എസ്. നടത്തിയ മിസൈലാക്രമണത്തില്‍ കുട്ടി ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ സിറിക് കൗണ്ടിയിലുള്ള കുഹെസ്തക് നഗരത്തില്‍ വിവാഹാഘോഷം നടക്കുകയായിരുന്ന വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ദുരന്തത്തില്‍ അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റതായി ഇറാനിയന്‍ റെഡ് ക്രസന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹോര്‍മുസ് കടലിടുക്കിന് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന തന്ത്രപ്രധാന പ്രദേശമാണ് സിറിക്. ഇവിടെ കൃത്യമായി ഏത് ലക്ഷ്യസ്ഥാനത്തിന് നേരെയാണ് യു.എസ് മിസൈല്‍ പതിച്ചതെന്ന് വ്യക്തമല്ലെങ്കിലും, വന്‍ ദുരന്തമാണ് പ്രദേശത്തുണ്ടായത്. തങ്ങളുടെ പൗരന്മാരുടെയും നിരപരാധികളുടെയും രക്തത്തിന് യു.എസ് വലിയ വില നല്‍കേണ്ടിവരുമെന്നും ഈ അധിനിവേശത്തിന് അവര്‍ ഖേദിക്കേണ്ടിവരുമെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐ.ആര്‍.ജി.സി.) ശക്തമായ മുന്നറിയിപ്പ് നല്‍കി.കഴിഞ്ഞ രണ്ടുദിവസത്തിനിടെ ഇറാനുനേരെ യു.എസ്. നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിന്റെ കിഴക്കന്‍ മേഖലയിലും ചബഹാര്‍ തുറമുഖത്തും ശക്തമായ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാന്‍ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. ഖീഷമിലെ മസാന്‍ ഗ്രാമത്തിന് സമീപം അഞ്ചിലധികം സ്ഫോടനങ്ങളും ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നാല് സ്ഫോടനങ്ങളും നടന്നതായാണ് ലഭ്യമാകുന്ന വിവരം. മേഖലയിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയും വാണിജ്യ കപ്പലുകള്‍ക്കുനേരെയും ഐ.ആര്‍.ജി.സി നടത്തുന്ന നീക്കങ്ങള്‍ക്ക് തടയിടാനാണ് ആക്രമണമെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ സൈന്യം കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ കടല്‍ മൈനുകള്‍ സ്ഥാപിച്ചതിനും ജോര്‍ദാനിലെ യു.എസ്. സൈനിക ക്യാമ്പിനുനേരെ മിസൈലുകള്‍ അയച്ചതിനുമുള്ള പ്രത്യാക്രമണമാണിത്. എന്നാല്‍, ഇറാന്‍ സ്ഥാപിച്ച മൈനുകള്‍ തങ്ങള്‍ നീക്കം ചെയ്‌തെന്നും ജോര്‍ദാനിലേക്ക് വന്ന എല്ലാ മിസൈലുകളും വിജയകരമായി തകര്‍ത്തെന്നും യു.എസ് അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *