പിഎം ശ്രീ നടപ്പാക്കരുത്’; പദ്ധതി നടപ്പിലാക്കരുതെന്ന് ദീപാ ദാസ് മുന്‍ഷി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്. പദ്ധതി നടപ്പിലാക്കരുതെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നിര്‍ദ്ദേശിച്ചു. പിഎം ശ്രീയെ എതിര്‍ത്ത് കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. പാർട്ടി-സർക്കാർ ഏകോപനം ഇല്ലെന്നും ദീപാ ദാസ് മുൻഷി ആരോപിച്ചു. സർക്കാർ തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് ഒളിയമ്പുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രം​ഗത്തെത്തിയിരുന്നു. ആയിരക്കണക്കിന് കോടി നഷ്ടപ്പെടാൻ പോകുന്നുവെന്നത് പര്‍വതീകരിച്ച കണക്കെന്ന് കെ സി വേണുഗോപാല്‍ അന്ന് പറഞ്ഞു. മധ്യപ്രദേശിന് കഴി‍ഞ്ഞ 5 വര്‍ഷം കൊണ്ട് പിഎം ശ്രീയിലൂടെ കിട്ടിയത് 700 കോടി രൂപ മാത്രമാണ്. കര്‍ണാടകയ്ക്ക് കിട്ടിയത് 238 കോടി മാത്രമാണെന്നും കണക്ക് വിശദീകരിച്ച് കെ സി വേണുഗോപാല്‍ പറഞ്ഞു.

വിദ്യാഭ്യാസ രംഗത്തെ കാവിവത്ക്കരിക്കാനുള്ള നീക്കത്തിന് നിന്നുകൊടുക്കില്ലെന്നും ഉപസമിതി റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടികളുണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വിഡി സതീശന്‍റെ വിവാദ ഹെലികോപ്റ്റര്‍ യാത്രയോട് ബാലിശമായ ആരോപണങ്ങളാട് പ്രതികരിക്കാനില്ലെന്നായിരുന്നു മറുപടി. പിഎം ശ്രീ നടപ്പാക്കുന്നത് സംബന്ധിച്ച് സർക്കാർ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിരുന്നു. ഈ സമതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ. പ്രതിപക്ഷത്തിരുന്നപ്പോൾ പിഎംശ്രീക്കെതിരെ ശക്തമായ നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. അധികാരത്തിലെത്തിയാൽ പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്നാണ് ലീ​ഗ് നേതാവ് കെ.എം. ഷാജി പറഞ്ഞത്. ഇപ്പോൾ മന്ത്രിസഭയിലെ അം​ഗമാണ് ഷാജി.

Leave a Reply

Your email address will not be published. Required fields are marked *