തിരുവനന്തപുരം ∙ ചിറയിൻകീഴിലെ കയ്യാങ്കളിയെക്കുറിച്ച് എം.എം.ഹസന്റെ നേതൃത്വത്തിലുള്ള കെപിസിസി സമിതി അന്വേഷണം നടത്തിയ ദിവസം രമ്യ ഹരിദാസ് എംഎൽഎ പാലക്കാട്ടായിരുന്നുവെന്ന വിവരം പുറത്ത്. കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായി പാലക്കാട്ടു കൂടിക്കാഴ്ച നടത്തിയ രമ്യ, തന്റെ ഭാഗം വിശദീകരിച്ചെന്നാണു വിവരം. വനിതാ എംഎൽഎമാരുടെ യോഗത്തിനായി ഡൽഹിക്കു പോകേണ്ടതിനാൽ സമിതി മുൻപാകെ വിശദീകരണം നൽകാൻ എത്താനാവില്ലെന്നാണു കഴിഞ്ഞ ഞായറാഴ്ച ഹസനെ രമ്യ അറിയിച്ചത്. ഇക്കാര്യം ഹസൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. കയ്യാങ്കളി സംബന്ധിച്ച വിശദാംശങ്ങൾ ഫോണിലൂടെയാണു ഹസൻ തേടിയത്. തിരിച്ചെത്തിയ ശേഷം സമിതി മുൻപാകെ എത്തണമെന്നും രമ്യയോട് ആവശ്യപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകൾ കാരണമാണു ഡൽഹിക്കു പോകാതിരുന്നതെന്നു രമ്യ പ്രതികരിച്ചു.
പരാതി പിൻവലിക്കാൻ പാർട്ടി ആവശ്യപ്പെടും
കയ്യാങ്കളിയുടെ പേരിൽ പൊലീസിൽ നൽകിയ പരാതികൾ പിൻവലിക്കാൻ രമ്യയോടും ചിറയിൻകീഴിലെ പ്രാദേശിക നേതൃത്വത്തോടും കെപിസിസി ആവശ്യപ്പെടും. കെപിസിസി അച്ചടക്കനടപടിയെടുത്ത സാഹചര്യത്തിൽ പരാതിയുമായി മുന്നോട്ടുപോകരുതെന്നാണു പാർട്ടിയുടെ നിലപാട്. വരുംദിവസങ്ങളിൽ കെപിസിസി അന്വേഷണസമിതി മുൻപാകെ ഹാജരാകുമ്പോൾ ഇക്കാര്യം രമ്യയോട് ആവശ്യപ്പെടും. രമ്യ നൽകിയ പരാതിയിൽ പട്ടികവിഭാഗ പീഡന നിരോധനനിയമം ഉൾപ്പെടെ ചുമത്തി ഡിസിസി ജനറൽ സെക്രട്ടറി അടക്കം 14 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
പ്രാദേശിക നേതൃത്വം രമ്യയ്ക്കെതിരെ നൽകിയ പരാതിയിൽ കേസെടുത്തുമില്ല. ഇരുകൂട്ടരും പരാതി പിൻവലിക്കുമെന്ന സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്. പ്രാദേശിക നേതൃത്വത്തിനെതിരെ കേസെടുത്തെങ്കിലും തുടർനടപടിയിലേക്കു കടന്നിട്ടില്ല.