ന്യൂഡൽഹി: ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പരീക്ഷണം 2027 മേയ് മുതൽ ജൂൺ വരെ നടക്കുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ്. രണ്ട് മുതൽ നാല് മാസത്തെ പരീക്ഷണത്തിന് ശേഷം ഉദ്ഘാടനം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വഡോദരയിൽ നടന്ന ‘നമോ ഫോർ വിക്ഷിത് ഭാരത്’ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. ബുള്ളറ്റ് ട്രെയിനിന്റെ ആദ്യ ബോഡി ഫ്രെയിം അടുത്തിടെ പൂർത്തിയായതായെന്നും അത് സ്‌ക്വീസ് ടെസ്റ്റിനായി അയച്ചെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
‘അടുത്ത വർഷം മെയ് അല്ലെങ്കിൽ ജൂൺ മാസത്തോടെ ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിൻ പരീക്ഷണത്തിനായി ട്രാക്കുകളിൽ എത്തും. രണ്ട് മുതൽ നാല് മാസത്തെ പരീക്ഷണ കാലയളവിനുശേഷം പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യും. ആത്മനിർഭർ ഭാരത് എന്ന ദർശനത്തിന് അനുസൃതമായാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. വഡോദരയിൽ നിന്ന് ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്താൽ ഒന്നര മണിക്കൂറിനുള്ളിൽ മുംബൈയിലെത്താം. പദ്ധതിയുടെ പണികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. സൂറത്ത്-വാപ്പി ഭാഗത്തിന്റെ നിർമ്മാണം ഈ വർഷം ഡിസംബറോടെ പൂർത്തിയാകും’- അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ റെയിൽവെയിൽ അടുത്ത കാലത്തായി നടപ്പിലാക്കിയ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ, ടിക്കറ്റ് റിസർവേഷൻ പ്ലാറ്റ്‌ഫോമുകൾ, നിർമ്മാണ രീതികൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഇന്ത്യൻ റെയിൽവേ വിപുലമായ ആധുനികവൽക്കരണ നീക്കത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉപ്പ് കൊണ്ടുപോകുന്നതിനായി പ്രത്യേകം വികസിപ്പിച്ചെടുത്ത വാഗൺ ഉൾപ്പെടെ പ്രത്യേക ചരക്ക് നീക്കത്തിനായി പുതിയ വാഗൺ നിർമ്മിക്കുന്നതിനും സർക്കാർ പദ്ധതിയുണ്ട്. ചെനാബ് പാലം മിസോറാമിനെ ദേശീയ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന റെയിൽ ലിങ്ക് എന്നിവയുൾപ്പെടെ ദീർഘകാലമായി മുടങ്ങിക്കിടന്ന നിരവധി റെയിൽവേ പദ്ധതികളുടെ പൂർത്തീകരണത്തെക്കുറിച്ചും മന്ത്രി ചൂണ്ടിക്കാട്ടി.
ഡൽഹിയിൽ നിന്ന് ലഖ്നൗവിലേക്കുള്ള 495 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ രണ്ട് മണിക്കൂർ 12 മിനിറ്റ് എടുക്കുന്ന അതിവേഗ റെയിൽ ഇടനാഴി പദ്ധതിയെക്കുറിച്ചും അശ്വനി വൈഷ്ണവ് ചൂണ്ടിക്കാട്ടി. ഇരു നഗരങ്ങൾക്കും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്നതിന് നിർദ്ദിഷ്ട അതിവേഗ കണക്ഷൻ സഹായിക്കും. നിർദ്ദിഷ്ട ഇടനാഴിയിൽ ഡൽഹിക്കും കാൺപൂരിനും ഇടയിലുള്ള ദൂരം ഏകദേശം 455 കിലോമീറ്ററായി കണക്കാക്കപ്പെടുന്നു.
ഇന്ത്യക്കാർ കാത്തിരുന്ന പ്രഖ്യാപനം, ബുള്ളറ്റ് ട്രെയിൻ ട്രാക്കിലെത്തുന്നു; വഡോദര ടു മുംബയ് ഒന്നര മണിക്കൂറിൽ