കൊല്ലം∙ ജോലി വാഗ്ദാനം ചെയ്തും ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിലുമാണ് ജില്ലയിലെ സൈബർ തട്ടിപ്പുകളെന്ന് പൊലീസ്. ഒരു വർഷത്തിനിടെ സൈബർ തട്ടിപ്പുകാർ കവർന്നത് ഏകദേശം 50 കോടി രൂപ. മൂവായിരത്തിൽ അധികം പരാതികളാണ് ഇക്കാലയളവിൽ ലഭിച്ചത്. ഇതിൽ 11 കോടി രൂപ പൊലീസ് തിരികെ പിടിച്ചു. ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ സംസ്ഥാനത്താകെ മൂവായിരത്തിൽ അധികം വനിതകൾ ഇരകളായെന്ന് പൊലീസിന്റെ കണക്ക്. ഫോട്ടോകൾ മോർഫ് ചെയ്ത തട്ടിപ്പ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു.
ഓൺലൈൻ ട്രേഡിങ് തട്ടിപ്പിന് ഇരയായവരിൽ 32 ശതമാനവും മുതിർന്ന പൗരന്മാരാണ്. കുണ്ടറ സ്വദേശിക്ക് ഓൺലൈൻ ട്രേഡിങ്ങിൽ നഷ്ടമായത് 1.62 കോടി രൂപ. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടവർ നൽകിയ ലിങ്കുകളിൽ ലോഗിൻ ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. അജ്ഞാതരുമായുള്ള ബന്ധങ്ങൾ പരമാവധി ഒഴിവാക്കണമെന്നാണ് സൈബർ പൊലീസ് നൽകുന്ന മുന്നറിയിപ്പ്. ഡേറ്റ എൻട്രി ജോലി വാഗ്ദാനം ചെയ്താണ് കൂടുതൽപ്പേരെയും തട്ടിപ്പിന് ഇരയാക്കുന്നത്. ചെറിയ തുക നൽകി കമ്പനിയിൽ റജിസ്റ്റർ ചെയ്യണമെന്നാണ് ആദ്യ വാഗ്ദാനം.
ഈ തട്ടിപ്പിൽ മാത്രം കുറഞ്ഞത് 5000 രൂപയെങ്കിലും ഓരോരുത്തരിൽ നിന്നു ഈടാക്കും. ചെറിയ തുകയായതു കൊണ്ട് പൊലീസിൽ പരാതിപ്പെടാനും ആരും മിനക്കെടാറില്ല. വലിയ തുകകൾ നഷ്ടപ്പെടുന്നവർ മാത്രമാണ് പരാതിയുമായി സൈബർ പൊലീസ് സംഘത്തെ സമീപിക്കുന്നത്. പ്രായമായവർ മാത്രമല്ല, യുവാക്കളും സൈബർ കെണിയിൽ വീഴുന്നുണ്ട്. തഴുത്തല സ്വദേശിനിയിൽ നിന്ന് ടെലിഗ്രാം ടാസ്‌കുകൾ നൽകി 29 ലക്ഷത്തിലധികം രൂപയും വടക്കേവിള സ്വദേശിയായ യുവാവിൽ നിന്ന് സമാനരീതിയിൽ 40 ലക്ഷത്തിലധികം രൂപയും തട്ടിയ കേസുകളുണ്ട്. നേരത്തെ റജിസ്റ്റർ ചെയ്ത കേസുകളിൽ ഒളിവിലായിരുന്ന എറണാകുളം, തൃശൂർ സ്വദേശികളെ ഈ വർഷം ആദ്യം ജില്ലയിലെ സൈബർ വിഭാഗം പിടികൂടിയിരുന്നു.
വിദ്യാർഥികളെ വീഴ്ത്തി വാടക അക്കൗണ്ട്
ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്കെടുക്കുന്ന ‘മണി മ്യൂൾ’ ഇടപാടുകളും ജില്ലയിൽ സജീവമാണെന്ന് പൊലീസ് പറയുന്നു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറാനാണ് സൈബർ കുറ്റവാളികൾ അക്കൗണ്ടുകൾ വാടകയ്ക്ക് എടുക്കുന്നത്. അപരിജിതരാകും കൈമാറുന്ന പണത്തിനു കമ്മിഷൻ വ്യവസ്ഥയിൽ അക്കൗണ്ട് വാടകയ്ക്ക് എടുക്കുന്നത്. ഒരു ലക്ഷം രൂപയ്ക്ക് 2000 രൂപ വരെ ലഭിക്കും. വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇത്തരം ഇടപാടുകൾ വ്യാപിക്കുന്നത്. അടുത്തിടെ തൃശൂരിലെ കേസിൽ അക്കൗണ്ട് വാടകയ്ക്ക് നൽകിയ കൊല്ലം സ്വദേശിയെ പൊലീസ് പിടികൂടിയിരുന്നു. അനധികൃതമായ ഇടപാടുകൾക്കാണ് ഇത്തരത്തിൽ അക്കൗണ്ടുകൾ വാടകയ്ക്ക് എടുക്കുന്നത്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമോ, പൊലീസ് അക്കൗണ്ട് മരവിപ്പിക്കുമ്പോഴാകും അക്കൗണ്ടുകൾ വാടകയ്ക്കു നൽകുന്നവർ അറിയുന്നത്. ജില്ലയിൽ കുടുങ്ങിയ പലർക്കും ഇത്തരത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ ഉൾപ്പെടെ നോട്ടിസുകൾ ലഭിച്ചിട്ടുണ്ട്.
ഫോട്ടോകൾ മോർഫ് ചെയ്താൽ
മോർഫ് ചെയ്ത ഫോട്ടോകൾ കൈമാറിയാൽ ഇൻഫർമേഷൻ ടെക്നോളജി നിയമത്തിന്റെ (ഐടി നിയമം) വിവിധ വകുപ്പുകൾ എഫ്ഐആറിൽ ചേർക്കാം. സ്വകാര്യതയുടെ ലംഘനം, മോശപ്പെട്ട തരത്തിലുള്ള ഫോട്ടോകളുടെ ഓൺലൈൻ മുഖേനയുള്ള കൈമാറ്റം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തുന്നത്. ഐടി നിയമത്തിൽ 66, 67 വകുപ്പുകളിലാണ് ഇത്തരം കുറ്റകൃത്യങ്ങൾ വിവരിച്ചിരിക്കുന്നത്. കൂടാതെ, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 336നു കീഴിലുള്ള ഉപവകുപ്പുകളിലും കുറ്റം ചുമത്താം. ബിഎൻഎസ് 336 (3) ഇങ്ങനെ പറയുന്നു: ഒരാളെ വഞ്ചിക്കുക എന്ന ഉദ്ദേശത്തോടെ വ്യാജരേഖയോ, ഡിജിറ്റൽ രേഖയോ ഉണ്ടാക്കിയാൽ ജാമ്യം ലഭിക്കാത്ത കുറ്റമാണ്, ഏഴു വർഷം വരെ തടവും ലഭിച്ചേക്കും. ചിത്രങ്ങൾ തമാശയ്ക്കെങ്കിലും മോർഫ് ചെയ്യുമ്പോൾ ഓർക്കുക, കേസിൽ പെട്ടാൽ ജാമ്യം ലഭിക്കില്ലെന്ന്. മോർഫ് ചെയ്ത ചിത്രം കയ്യിൽ സൂക്ഷിക്കുന്നതും കുറ്റകരമാണെന്നും ഓർക്കുക.