ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ ഡ്രോണുകളെ വെടിവെച്ചിട്ട് അമേരിക്ക

ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഭീഷണിയുയര്‍ത്തിയ രണ്ട് ഇറാനിയന്‍ ഡ്രോണുകളെ അമേരിക്കന്‍ സൈന്യം വെടിവെച്ചിട്ടതായി റിപ്പോര്‍ട്ട്. പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും പരോക്ഷ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും മേഖലയില്‍ മിസൈല്‍ ആക്രമണങ്ങളും സൈനിക ഏറ്റുമുട്ടലുകളും തുടരുകയാണ്.
ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോര്‍മുസിന്റെ നിയന്ത്രണത്തിനായി ഇറാന്‍ നടത്തുന്ന നീക്കങ്ങള്‍ വലിയ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ഉപരോധങ്ങള്‍ നീക്കുന്നതിനും എണ്ണ വരുമാനം തിരിച്ചുപിടിക്കുന്നതിനുമായി ഇറാന്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ അമേരിക്കന്‍ പ്രതിരോധ സേന തിരിച്ചടി തുടരുകയാണ്.
സമാധാന ശ്രമങ്ങള്‍ക്കിടയിലും യുഎസ് സഖ്യകക്ഷികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പശ്ചിമേഷ്യയിലെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ-അന്താരാഷ്ട്ര കപ്പലുകള്‍ക്ക് ഈ ഡ്രോണുകള്‍ ഭീഷണിയാണെന്ന് വിലയിരുത്തിയതിനെ തുടര്‍ന്നാണ് അമേരിക്കന്‍ സേന അവ തകര്‍ത്തത് എന്നാണ് വിവരം.
പശ്ചിമേഷ്യയിലെ യുഎസ് സൈനിക പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) ആണ് ശനിയാഴ്ച രാത്രി വൈകി ഈ വിവരം പുറത്തുവിട്ടത്. ‘മിഡില്‍ ഈസ്റ്റിലെ യുഎസ് സേന രണ്ട് ഇറാനിയന്‍ വണ്‍-വേ അറ്റാക്ക് ഡ്രോണുകള്‍ വെടിവെച്ചിട്ടു.’ എന്ന് CENTCOM എക്സിലൂടെ വ്യക്തമാക്കി. ഇറാനിയന്‍ കടന്നുകയറ്റങ്ങള്‍ക്കെതിരെ പ്രതിരോധം തുടരാന്‍ തങ്ങള്‍ സജ്ജമാണെന്നും സേന അതീവജാഗ്രതയില്‍ തുടരുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് അമേരിക്കന്‍ സേന ഇറാന്റെ ഡ്രോണുകള്‍ വെടിവെച്ചിടുന്നത്. ഇതിന് തൊട്ടുമുന്‍പ് നാല് ഡ്രോണുകള്‍കൂടി അമേരിക്ക തകര്‍ത്തിരുന്നു. യുഎസ് സഖ്യകക്ഷികളായ ബഹ്‌റൈന്‍, കുവൈlത്ത് എന്നിവിടങ്ങളിലേക്ക് ഇറാന്‍ മിസൈലുകള്‍ തൊടുത്തതിന് പിന്നാലെയാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.
യുദ്ധം അവസാനിപ്പിക്കാന്‍ വാഷിങ്ടണും ടെഹ്‌റാനും തമ്മില്‍ ആഴ്ചകളായി പരോക്ഷ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും സംഘര്‍ഷത്തിന് അയവുണ്ടായിട്ടില്ല. എണ്ണ വരുമാനത്തിനുള്ള അനുമതി, ക്രൂഡ് ഓയില്‍ കയറ്റുമതിയിലുള്ള ഉപരോധങ്ങള്‍ നീക്കല്‍, തുറമുഖങ്ങളിലെ യുഎസ് ഉപരോധം അവസാനിപ്പിക്കല്‍ എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങള്‍. ലോകത്തിലെ എണ്ണക്കടത്തിന്റെ 20 ശതമാനവും നടന്നിരുന്ന ഹോര്‍മുസ് കടലിടുക്ക് ഫലത്തില്‍ ഇറാന്‍ തടഞ്ഞു വെച്ചിരിക്കുകയാണ്.
അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള വര്‍ധിച്ചുവരുന്ന സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി പാകിസ്താന്‍ ആഭ്യന്തര മന്ത്രി മുഹ്‌സിന്‍ നഖ്വി ശനിയാഴ്ച ടെഹ്‌റാനിലെത്തി. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഇറാന്‍ സന്ദര്‍ശനമാണിത്.
ഇറാന്‍ ആഭ്യന്തര മന്ത്രി ഇസ്‌കന്ദര്‍ മോമെനി നഖ്വിയെ സ്വീകരിച്ചു. സന്ദര്‍ശന വേളയില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *