കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന് .ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആയിരുന്ന റിബേഷ് ശനിയാഴ്ച ആണ് ഭാരവാഹിത്വം ഒഴിഞ്ഞത്. കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസില്‍ എസ്ഐടി അന്വേഷണം തുടങ്ങിയതിനു തൊട്ടുപിന്നാലെ ആണ് ഭാരവാഹിത്വം ഒഴിഞ്ഞത്. നിലവില്‍ ബ്ലോക്ക് കമ്മറ്റി അംഗമായി തുടരും.ആദ്യ ഘട്ടത്തില്‍ സ്ക്രീന്‍ഷോര്‍ട്ട് ഷെയര്‍ ചെയ്ത നേതാക്കളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. വടകര ബ്ലോക്ക് പ്രസിഡന്റായിരുന്ന റിബേഷ് രാമകൃഷ്ണന്, അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഫെയ്സ്ബുക്ക് പേജിന്റെ അഡ്മിന് മനേഷ്, സ്ക്രീന്‍ഷോട്ട് മറ്റൊരു വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത അതുല്‍ എന്നിവരെയാണ് എസ്ഐടി ചോദ്യം ചെയ്യുന്നത്.റിബേഷ് രാമകൃഷ്ണന് വരെ എത്തി നിന്നതായിരുന്നു മുന്‍ അന്വേഷണമെങ്കില്‍ റിബേഷിന് സ്ക്രീന്‍ഷോട്ട് കിട്ടിയതെവിടെ നിന്ന് എന്നതിലേക്ക് എസ്ഐടി എത്തിയിട്ടുണ്ട്. വടകര സ്ക്വാഡ് എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ ജിതിന് ഭാസ്കരനിട്ട പോസ്റ്റാണ് റിബേഷ് ഷെയര്‍ ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് റിബേഷിനെയും മറ്റുള്ളവരെയും വീണ്ടും ചോദ്യം ചെയ്യുന്നത്.ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോഹരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ഇതുവരെയും സ്ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തവരെ മാത്രമാണ് പൊലീസിന് കണ്ടെത്താനായത്. വ്യാജ സ്ക്രീന്‍ഷോട്ട് ആരാണ് നിര്‍മിച്ചതെന്ന് കണ്ടെത്തുക എന്നതാണ് എസ്ഐടിയ്ക്ക് മുന്നിലെ പ്രധാന വെല്ലുവിളി. കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ തേടി എസ്ഐടി വീണ്ടും മെറ്റക്ക് വീണ്ടും കത്തയച്ചിട്ടുണ്ട്.