വീട്ടിൽ ആളില്ലാനേരത്ത് മോഷണം

ചാവക്കാട് ∙ വീട്ടുകാർ പുറത്തു പോയ സമയത്ത് അഞ്ചര പവന്റെ ആഭരണങ്ങളും പണവും മോഷണം പോയി. കിഴക്കേ ബ്ലാങ്ങാട് പള്ളിക്കടുത്ത് പള്ളത്ത് മനയ്ക്കൽ അബ്ദുൽ കരീമിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിൻഭാഗത്തെ ഗ്രില്ലും വാതിലും തുറന്നാണ് മോഷ്ടാക്കൾ അകത്തു കടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന മോതിരം, മാല, കമ്മൽ, ലോക്കറ്റ്, കോയിൻ എന്നിവ മോഷണം പോയി.

5,000 രൂപയും മോഷ്ടിച്ചു. വീട്ടുടമ അബ്ദുൽ കരീമും ഭാര്യയും മരുമകളും ഞായറാഴ്ച വൈകിട്ട് നാലിന് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി 9ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീടിന്റെ മുകൾനിലയിലെ മുറികളിലെ അലമാരകളിൽ നിന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. താഴത്തെ മുറിയിലെ അലമാരയിൽ നിന്നാണ് സ്വർ‌ണവും പണവും കവർന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. ചാവക്കാട് എസ്എച്ച്ഒ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തി. വീട്ടിലെയും പരിസരത്തെയും സിസിടിവി ക്യാമറകൾ പരിശോധിച്ച് വരുന്നതായി എസ്എച്ച്ഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *