ട്രംപിന്റെ ജന്മദിനം; ഇറാന്‍ ഭയന്നു, സമാധാന കരാറില്‍ അര്‍ധരാത്രി വരെ കാത്തിരുന്ന് ഒപ്പുവെച്ചു

ടെഹ്റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാര്‍ പ്രഖ്യാപനത്തിന് പിന്നില്‍ അസാധാരണമായ നയതന്ത്ര നീക്കങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. കരാറില്‍ ഒപ്പുവെക്കാന്‍ ഇറാന്‍ അര്‍ദ്ധരാത്രി കഴിഞ്ഞ് പുതിയ തീയതി പിറക്കുന്നത് വരെ കാത്തിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇറാന്‍ പ്രാദേശിക സമയം ജൂണ്‍ 14-ന് കരാര്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കാന്‍ ടെഹ്‌റാന്‍ വിസമ്മതിക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 80-ാം ജന്മദിനമായിരുന്നു അന്ന് എന്നതാണ് ഇതിന്റെ പ്രധാന കാരണം. ട്രംപിന്റെ ജന്മദിനത്തില്‍ ഒരു ചരിത്രപരമായ കരാറില്‍ ഒപ്പുവെക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്നും, അത് ട്രംപിന്റെ വ്യക്തിപരമായ നേട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്നും ഇറാന്‍ അധികൃതര്‍ ഭയപ്പെട്ടിരുന്നു. ഇതിനാല്‍ ഇറാനില്‍ സമയം ജൂണ്‍ 15 ആയ ശേഷം മാത്രമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
ഇറാനും അമേരിക്കയും തമ്മിലുള്ള 7.5 മണിക്കൂര്‍ സമയവ്യത്യാസം ഈ തര്‍ക്കത്തിന് ഒരു പരിഹാരമായി മാറി. ഇറാനില്‍ അര്‍ദ്ധരാത്രി കഴിഞ്ഞ് ജൂണ്‍ 15 ആയപ്പോള്‍, അമേരിക്കയില്‍ അത് അപ്പോഴും ജൂണ്‍ 14 തന്നെയായിരുന്നു. ഇത് വഴി ട്രംപിന് അമേരിക്കയില്‍ സ്വന്തം ജന്മദിനത്തിലെ വലിയൊരു നേട്ടമായി ഈ കരാറിനെ അവതരിപ്പിക്കാനും, അതേസമയം ഇറാന് സ്വന്തം നാട്ടില്‍ ട്രംപിന്റെ ജന്മദിനത്തില്‍ കരാര്‍ ഒപ്പിട്ടു എന്ന ചീത്തപ്പേര് ഒഴിവാക്കാനും സാധിച്ചു.
പ്രഖ്യാപനത്തിന് മുന്‍പ് തന്നെ തന്റെ ജന്മദിനമായ ഞായറാഴ്ച (ജൂണ്‍ 14) കരാര്‍ ഒപ്പിടുമെന്ന് ട്രംപ് പരസ്യമായി പറഞ്ഞിരുന്നുവെങ്കിലും, ഇറാന്‍ വിദേശകാര്യ മന്ത്രാലയം അത് നിഷേധിക്കുകയും അവസാന നിമിഷം വരെ ജാഗ്രത പുലര്‍ത്തുകയും ചെയ്തു. മാസങ്ങള്‍ നീണ്ട സംഘര്‍ഷത്തിന് അറുതി വരുത്തുന്ന ഈ കരാര്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. ഹോര്‍മുസ് കടലിടുക്ക് ഗതാഗതത്തിനായി വീണ്ടും തുറക്കും. ഇതോടെ ഇന്ധന – ഊര്‍ജ്ജ വിതരണ രംഗത്തെ പ്രതിസന്ധികള്‍ക്ക് വിരാമമാകും. ആഗോള തലത്തില്‍ എണ്ണവില കുത്തനെ കുറയാന്‍ ഇത് വഴിയൊരുക്കും. കരാര്‍ പ്രകാരം ഇറാന് മേലുള്ള അമേരിക്കന്‍ നാവിക ഉപരോധം പിന്‍വലിക്കും. അതുവഴി ഇറാന് തങ്ങളുടെ ക്രൂഡോയില്‍ വില്‍ക്കാനുള്ള സ്വാതന്ത്ര്യം തിരികെ ലഭിക്കും.ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചും ഉപരോധങ്ങള്‍ നീക്കുന്നതിനെക്കുറിച്ചും 60 ദിവസത്തെ ചര്‍ച്ചാ നടപടികള്‍ ആരംഭിക്കും. സമാധാന കരാറിനെ ഇരുരാജ്യങ്ങളും തങ്ങളുടെ വിജയമായി ചിത്രീകരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. പ്രഖ്യാപനത്തിന്റെ കൃത്യമായ സമയം പോലും നയതന്ത്ര ചര്‍ച്ചകളില്‍ വലിയ പ്രാധാന്യം നേടിയ ഒരു അപൂര്‍വ്വ സംഭവമായി ഇത് മാറി.

 

 

Leave a Reply

Your email address will not be published. Required fields are marked *