കണ്ണൂര്‍: നാടകപ്രവര്‍ത്തകന്‍ രാധന്‍ കണ്ണപുരം (കെ. രാധാകൃഷ്ണന്‍, 58) അന്തരിച്ചു. കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ കണ്ണപുരം കുന്നുമ്മല്‍ വീട്ടില്‍ ചന്ദ്രമതിയുടെയും പരേതനായ, ചുള്ളേരി വീട്ടില്‍ കൃഷ്ണന്റെയും മകനാണ്.40 വര്‍ഷത്തോളമായി നാടകരംഗത്ത് സജീവമാണ്. മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നാടകാഭിനയത്തിനും സംവിധാനത്തിനും ഒട്ടേറെ ബഹുമതികളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. പെരുന്തച്ചന്‍, തീപ്പൊട്ടന്‍, നവരസനായകന്‍, കോടീശ്വരന്‍, കിനാവിലൊരു കളിവീട്, ഉള്ളത് പറഞ്ഞാല്‍ തുടങ്ങിയവ ഇദ്ദേഹം പ്രധാന വേഷത്തില്‍ എത്തിയ വിഖ്യാത നാടകങ്ങളില്‍ ചിലതാണ്. കോഴിക്കോട് ചിരന്തന, വള്ളുവനാട് നാദം, കൊല്ലം കാളിദാസ കലാകേന്ദ്രം, തിരുവനന്തപുരം സോപാനം, കോഴിക്കോട് സങ്കീര്‍ത്തന തുടങ്ങി കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പല പ്രമുഖ സമിതികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നാടകപ്രവര്‍ത്തനത്തിനൊപ്പം രാഷ്ട്രീയത്തിലും സജീവമായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. നാടകാഭിനയത്തിനും സംവിധാനത്തിനും പുറമേ ആകാശവാണിയില്‍ ആര്‍ട്ടിസ്റ്റായും ഏതാനും സിനിമകളില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന പുരസ്‌കാര ജേതാവും നാടക-സിനിമാ രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായ മിനി രാധന്‍ ആണ് ഭാര്യ. മക്കള്‍: ആതിര (ആര്‍ട്ടിസ്റ്റ്), ആരതി (നഴ്‌സ്, യു.കെ). മരുമകന്‍: വിവേക് (ഡെസ്‌ക് എഡിറ്റര്‍, ബാലരമ). സഹോദരങ്ങള്‍: ഗിരിജ, ജിഷ, രജനി