ആലപ്പുഴ: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കടുത്ത രാഷ്ട്രീയ വിമര്‍ശനവുമായി സി പി എം മുന്‍ നേതാവും അമ്പലപ്പുഴ എം എല്‍ എയുമായ ജി സുധാകരന്‍. എം വി ഗോവിന്ദന്‍ വകതിരിവ് കാണിക്കണമെന്ന് പറഞ്ഞ സുധാകരന്‍, ഗോവിന്ദന്റെ വ്യക്തിപരമായ യോഗ്യതകളെ ചോദ്യം ചെയ്യുകയും ചെയ്തു. എം വി ജയരാജന്‍ പാര്‍ട്ടി വിട്ടവരെക്കുറിച്ച് നടത്തിയ പ്രസ്താവനയില്‍ തന്റെ പേര് പറഞ്ഞിട്ടില്ലെന്നും മറ്റ് രണ്ടുപേരുടെ പേരാണ് പറഞ്ഞതെന്നും ചൂണ്ടിക്കാട്ടി സുധാകരന്‍, തെറ്റ് പറ്റിയാല്‍ പാര്‍ട്ടിയായാലും വ്യക്തികളായാലും തിരുത്തണമെന്നും അല്ലാത്തവര്‍ ചരിത്രത്തിന്റെ ചവിറ്റുകൊട്ടയിലാകുമെന്നും എം വി ഗോവിന്ദനെ ഓര്‍മ്മിപ്പിച്ചു. താന്‍ മെമ്പര്‍ഷിപ്പ് പുതുക്കാതെ മാറിനിന്നാല്‍ എങ്ങനെയാണ് വര്‍ഗ്ഗവഞ്ചകനാവുകയെന്ന് ചോദിച്ച അദ്ദേഹം, എം വി ഗോവിന്ദനാണ് യഥാര്‍ത്ഥ വര്‍ഗ്ഗവഞ്ചകനെന്നും ആരോപിച്ചു. നേതൃസ്ഥാനത്തിരുന്ന് പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്ന ഗോവിന്ദന് പാര്‍ട്ടി നശിക്കട്ടെ എന്ന ചിന്തയാണെന്നും പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ അയാള്‍ക്ക് നാണമില്ലേയെന്നും സുധാകരന്‍ ആഞ്ഞടിച്ചു.
നാണമുണ്ടെങ്കില്‍ രാജിവയ്ക്കണം
എം വി ഗോവിന്ദന്‍ പറയുന്നത് ആര്‍ക്കെങ്കിലും മനസ്സിലാകുന്നുണ്ടോ എന്ന് ചോദിച്ച സുധാകരന്‍, വായടയ്ക്കുന്നതാണ് അയാള്‍ക്ക് നല്ലതെന്നും അഭിപ്രായപ്പെട്ടു. ഗോവിന്ദന്‍ ഒരു സൈദ്ധാന്തികനാണെന്ന് പത്രക്കാര്‍ മാത്രമാണ് പറയുന്നത്. എല്ലാ തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയെ തോല്‍പ്പിച്ച ഗോവിന്ദന് പാര്‍ട്ടിയെ നയിക്കാന്‍ ഒട്ടും കെല്‍പ്പില്ലെന്നും അയാള്‍ വെറുമൊരു അധികപ്പറ്റാണെന്നും സുധാകരന്‍ വിമര്‍ശിച്ചു. കസേരയിലിരുന്ന് ആളാകുന്ന ഗോവിന്ദന്‍ ഒരു കമ്മ്യൂണിസ്റ്റല്ലെന്നും സ്വയം തിരുത്താന്‍ കഴിയാത്തയാള്‍ക്ക് എങ്ങനെയാണ് മറ്റുള്ളവരെ തിരുത്താന്‍ കഴിയുകയെന്നും സുധാകരന്‍ ചോദ്യമുയര്‍ത്തി. ഈ സ്ഥാനത്തിരിക്കാന്‍ ഗോവിന്ദന്‍ ഒട്ടും യോഗ്യനല്ലെന്നും നാണമുണ്ടെങ്കില്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.