കോഴിക്കോട്: താരസംഘടനയായ ‘അമ്മ’യിലെ പരസ്യപ്പോരില്‍ മുതിര്‍ന്ന താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്ന് നടി അന്‍സിബ. താന്‍ ഒറ്റയ്ക്കാണ് നീതിക്കായി പോരാടുന്നത്. ഇത്രയും വലിയ സ്വാധീനമുള്ള ആളുകള്‍ക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് ഇപ്പോഴാണ് മനസിലായതെന്നും അന്‍സിബ പറഞ്ഞു. കോഴിക്കോട്ട് ഒരു മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അവര്‍.
‘കോടതിയില്‍ പോയാല്‍ മാത്രമേ നീതി ലഭിക്കൂ എന്ന സ്ഥിതിയാണ്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരാണ് അവര്‍ക്കൊപ്പം നില്‍ക്കുന്നത്. ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. ഞാന്‍ പരാതിപ്പെട്ട ആളുകള്‍ക്ക് എത്രമാത്രം സ്വാധീനമുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. വളരെയധികം പവറുള്ള ഒരാളാണ് അമ്മയിലെ പവര്‍ ഗ്രൂപ്പിനെതിരെ പോരാടുന്നു എന്ന് പറയുന്നത്. ഈ പ്രശ്നങ്ങളില്‍ മോഹന്‍ലാലും മമ്മൂട്ടിയും അവരുടെ നിലപാട് അറിയിക്കാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെങ്കില്‍ അത് പരസ്യമായി പറയണം. അവര്‍ എന്തുകൊണ്ടാണ് ഇതില്‍ പ്രതികരിക്കാത്തതെന്ന് എനിക്കറിയില്ല’- അന്‍സിബ പറഞ്ഞു.
ഒരു സാധാരണ സ്ത്രീ എന്ന നിലയില്‍ പവര്‍ ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാന്‍ സാധിക്കില്ലെന്നും തന്റെ പോരാട്ടത്തിലൂടെ പവര്‍ ഗ്രൂപ്പ് തുറന്നുകാട്ടപ്പെടുമെന്നും നടി ശ്വേത മേനോന്‍ കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍, ശ്വേതയും പവര്‍ ഗ്രൂപ്പിന്റെ ഭാഗമാണെന്നാണ് അന്‍സിബ പറയുന്നത്. അമ്മയിലെ തര്‍ക്കങ്ങള്‍ രാഷ്ട്രീയ ആരോപണങ്ങളിലേക്കും സാമ്പത്തിക ക്രമക്കേടുകളിലേക്കും കടന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. അദാനി ഗ്രൂപ്പിന്റെ പേരുകൂടി വന്നതോടെ പ്രശ്നങ്ങള്‍ മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്.
അതേസമയം, അന്‍സിബയുടെ പരാതിയില്‍ നടി ലക്ഷ്മിപ്രിയ, ഹില്‍ പാലസ് എസ്ഐ രേഷ്മ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞദിവസം നിര്‍ദ്ദേശിച്ചിരുന്നു. വ്യാജ പരാതിയുടെ പേരില്‍ ലക്ഷ്മിപ്രിയ മാനസികമായി പീഡിപ്പിച്ചെന്നും സ്റ്റേഷനില്‍ എസ്ഐ മോശമായി പെരുമാറിയെന്നുമാണ് അന്‍സിബയുടെ പരാതിയില്‍ പറഞ്ഞിട്ടുണ്ടായിരുന്നത്.