മുഖ്യമന്ത്രീ . നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!

കുടിയേറിയ മലയാളികളെ മറക്കരുത്, അവര്‍ നാട്ടിലേക്കയക്കുന്ന തുകയല്ല റിവേഴ്സ് റെമിറ്റന്‍സ്; സതീശന് തിരുത്ത്

  • കൊച്ചി: നിയമസഭയില്‍ വെച്ച് അതിഥി തൊഴിലാളികളെ അധിക്ഷേപിച്ചു കൊണ്ടുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസംഗത്തിന് മറുപടിയുമായി സന്നദ്ധ സംഘടനയായ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡെവലപ്മെന്റ് (CMID) എന്ന സംഘടനയുടെ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ബിനോയ് പീറ്റര്‍ രംഗത്ത്. മുഖ്യമന്ത്രിയില്‍ നിന്ന് ഇങ്ങനെയൊരു പിഴവ് ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും ആരൊക്കെയോ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നുവെന്നും ബിനോയ് പീറ്റര്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു.
    ‘റിവേഴ്സ് റെമിറ്റന്‍സ് എന്നാല്‍ പ്രവാസിക്ക് നാട്ടില്‍ നിന്ന് അയച്ചുകൊടുക്കുന്ന തുകയാണ്, അല്ലാതെ പ്രവാസി നാട്ടിലേക്കയക്കുന്ന തുകയല്ല. യൂറോപ്പിലും ഉത്തര അമേരിക്കയിലും മറ്റും പഠിക്കാന്‍ പോയിട്ടുള്ള കുട്ടികള്‍ക്ക് ഫീസിനത്തിലും മറ്റു ജീവിതച്ചെലവുകള്‍ക്കും ആയിരക്കണക്കിന് കോടി രൂപയാണ് നമ്മള്‍ മലയാളികള്‍ റിവേഴ്സ് റെമിറ്റന്‍സ് ആയി അയച്ചു കൊടുക്കുന്നത്. ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്ക് ഗോതമ്പുപൊടിയും ഉള്ളിയും മദ്യവും മതി എന്ന പ്രസ്താവനയും ശരിയല്ല’- ബിനോയ് പീറ്റര്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു.
    ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
    ബഹു മുഖ്യമന്ത്രി വി.ഡി. സതീശന്‍ അങ്ങയുടെ വാക്കുകള്‍ അക്ഷരം പ്രതി വിശ്വസിക്കുന്ന ഒരു വലിയ ജനവിഭാഗമുണ്ട് കേരളത്തില്‍. അതുകൊണ്ടു തന്നെ അങ്ങയില്‍ നിന്ന് ഒരു പിഴവ് ഉണ്ടാകാന്‍ പാടില്ല. ആരൊക്കെയോ അങ്ങയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. തിരുത്തുമെന്ന ഉത്തമ വിശ്വാസമുണ്ട്.
    ‘കേരളത്തില്‍ റിവേഴ്സ് റെമിറ്റന്‍സ് ഉണ്ട്’: ശരിയാണ്, റിവേഴ്സ് റെമിറ്റന്‍സ് എന്നാല്‍ പ്രവാസിക്ക് നാട്ടില്‍ നിന്ന് അയച്ചുകൊടുക്കുന്ന തുകയാണ്, അല്ലാതെ പ്രവാസി നാട്ടിലേക്കയക്കുന്ന തുകയല്ല. യൂറോപ്പിലും ഉത്തര അമേരിക്കയിലും മറ്റും പഠിക്കാന്‍ പോയിട്ടുള്ള കുട്ടികള്‍ക്ക് ഫീസിനത്തിലും മറ്റു ജീവിതച്ചെലവുകള്‍ക്കും ആയിരക്കണക്കിന് കോടി രൂപയാണ് നമ്മള്‍ മലയാളികള്‍ റിവേഴ്സ് റെമിറ്റന്‍സ് ആയി അയച്ചു കൊടുക്കുന്നത്.
    ഇതരസംസ്ഥാനത്തൊഴിലാളികള്‍ പണം ‘കടത്തിക്കൊണ്ടു പോകുന്നു’: ശരിയല്ല, മലയാളിയേക്കാള്‍ കുറഞ്ഞ കൂലിക്ക് കൂടുതല്‍ സമയം പണിയെടുത്ത് രക്തം വിയര്‍ത്തുണ്ടാക്കുന്ന പണമാണ് നാട്ടിലേക്കയക്കുന്നത്. തൊഴിലാളികളുടെ അവകാശമാണിത്. ഇത് റിവേഴ്സ് റെമിറ്റന്‍സ് അല്ല. മറിച്ച് റെമിറ്റന്‍സ് ആണ്. പ്രവാസിമലയാളികള്‍ രണ്ടു ലക്ഷത്തി പതിനാറായിരം കോടിയിലേറെ കേരളത്തിലേക്കയക്കുമ്പോളാണ് ഇതരസംസ്ഥാനത്തൊഴിലാളികള്‍ 52000 കോടി അയയ്ക്കുന്നത്. കേരളം ഇന്നും ഒരു മണിയോര്‍ഡര്‍ ഇക്കോണമി ആണെന്നത് മറക്കരുത്.
    ‘ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്ക് ഗോതമ്പുപൊടിയും ഉള്ളിയും മദ്യവും മതി’: ശരിയല്ല. ബഹുഭൂരിപക്ഷം തൊഴിലാളികളും അരി പ്രധാന ഭക്ഷണമായിട്ടുളള സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്, ഗോതമ്പുപൊടി അവര്‍ക്കു വേണ്ട. മദ്യം കഴിക്കുന്നവര്‍ ഒരു ന്യൂനപക്ഷം മാത്രമാണ്.
    ഇതര സംസ്ഥാനത്തൊഴിലാളികള്‍ കേരളത്തില്‍ അവരുടെ വരുമാനതിന്റെ മൂന്നിലൊന്ന് ചിലവഴിക്കുന്നുണ്ട്. ചിലത് കുറിക്കുന്നു.
    വാടക ഇനത്തില്‍ ചെലവഴിക്കുന്നത്: മൂന്നിലൊന്നു പേര്‍ (15 ലക്ഷം പേര്‍) ശരാശരി 1200 രൂപ പ്രതിമാസം നല്‍കിയാല്‍ എത്രയാകും ?
    ലോട്ടറി: പ്രതിമാസം പത്തു ലക്ഷം ടിക്കറ്റുകള്‍ 30 രൂപ വച്ച് എടുക്കുന്നു. ഇതിനെത്രയാകും ?
    മൊബൈല്‍ റീചാര്‍ജ്: 35 ലക്ഷം പേര്‍ പ്രതിമാസം 100 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ എത്രയാകും?
    മൊബൈല്‍ ഫോണ്‍ വാങ്ങുന്നത്: 2 ലക്ഷം പേര് വര്‍ഷത്തില്‍ 10000 രൂപയുടെ ഒരു മൊബൈല്‍ ഫോണ്‍ വാങ്ങിയാല്‍ എത്രയാകും?
    മുടി വെട്ടാന്‍: 35 ലക്ഷം പുരുഷന്മാര്‍ രണ്ടു മാസം കൂടുമ്പോള്‍ 100 രൂപയ്ക്ക് മുടിവെട്ടിയാല്‍ എത്രയാകും?
    ബസില്‍ യാത്രചെയ്യാന്‍: മൂന്നിലൊന്നു പേര്‍ (15 ലക്ഷം പേര്‍) ശരാശരി 40 രൂപ രൂപ നിരക്കില്‍ പ്രതിദിനം ബസുകൂലി നല്‍കിയാല്‍ 300 ദിവസം മാത്രമെടുത്താല്‍ എത്രയാകും?
    നാട്ടിലേക്ക് കേരളത്തില്‍ നിന്ന് ബസില്‍ യാത്ര ചെയ്യുന്നത്: ആഴ്ചതോറും നൂറു കണക്കിന് ബസുകളാണ് കേരളത്തില്‍ നിന്ന് ഒഡിഷ, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ഇവ നടത്തുന്നത് മലയാളികള്‍. ആഴ്ചയില്‍ 10000 പേര് 2500 രൂപ നിരക്കില്‍ നാട്ടില്‍ പോയാല്‍ ഒരു വര്‍ഷം എത്രയാകും?
    5 ലക്ഷം പേര് ഒരു ദിവസം രണ്ടു പൊറോട്ടയും സാമ്പാറും 24 രൂപ നിരക്കില്‍ കഴിച്ചാല്‍ പ്രതിവര്‍ഷം എത്രയാകും?
    45 ലക്ഷം പേര് വര്‍ഷത്തില്‍ 300 രൂപ വിലയുള്ള രണ്ടു വസ്ത്രം വാങ്ങിയാല്‍ എത്രയാകും?
    5 ലക്ഷം പേര്‍ ആഴ്ചയില്‍ ഒരു കിലോ കോഴിയിറച്ചി 120 രൂപ നിരക്കില്‍ വാങ്ങിയാല്‍ പ്രതിവര്‍ഷം എത്രയാകും?
    10 ലക്ഷം പേര് പ്രതിമാസം 10000 രൂപ നാട്ടിലേക്കയക്കാന്‍ ആയിരത്തിന് പത്തു രൂപ നല്‍കിയാല്‍ പ്രതിവര്‍ഷം എത്രയാകും?
    20 ലക്ഷം പേര് 6 മാസത്തിലൊരിക്കല്‍ 500 മരുന്ന് വാങ്ങാന്‍ ചെലവാക്കിയത് പ്രതിവര്‍ഷം എത്ര രൂപയാകും?
    30 ലക്ഷം പേര്‍ ആഴ്ചയില്‍ 250 രൂപയ്ക്ക് അരിയും മറ്റു സാധനങ്ങളും വാങ്ങിയാല്‍ പ്രതിവര്‍ഷം എത്രയാകും?
    മലബാറെന്ന വിഷകന്യകയുടെ മാറിലേക്കും, ഇന്ത്യയില്‍ വിദൂര നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും, ബര്‍മ്മയിലേക്കും മലയായിലേക്കും, റങ്കൂണിലേക്കും സിംഗപ്പൂരിലേക്കും ഗള്‍ഫ് നാടുകളിലേക്കും യൂറോപ്പിലേക്കും അമേരിക്കന്‍ ഐക്യനാടുകളിലേക്കും ആഫ്രിക്കയിലേക്കും അന്റാര്‍ട്ടിക്ക വരേക്കും കുടിയേറിയ മലയാളികള്‍ താണ്ടിയ കനല്‍ വഴികള്‍ നാം മറക്കരുത്. കടമ്മനിട്ടയുടെ വരികളാണോര്‍മ്മ വരുന്നത്. നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്.

Leave a Reply

Your email address will not be published. Required fields are marked *