ജനങ്ങളെ സേവിക്കുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കാനുള്ള അവസരം തനിക്ക് ലഭിച്ചു. തനിക്കൊപ്പം നിന്ന് എല്ലാവര്‍ക്കും താന്‍ നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ വിശ്വാസം തങ്ങള്‍ കാത്തുസൂക്ഷിക്കുമെന്നും ഈ ചരിത്രം നേട്ടം ബിജെപി പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.രാജ്യത്തെ ജനങ്ങളെ സേവിക്കാന്‍ തനിക്ക് കഴിഞ്ഞത് അഭിമാനകരമാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണകാലയളവില്‍ 25 കോടിയിലധികം പേരെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കി. തങ്ങളുടെ ഭരണ ദിശ ശരിയായ മാര്‍ഗത്തിലാണ് പോകുന്നത്. 2014 മുന്‍പ് രാഷ്ട്രീയ അസ്ഥിരതയായിരുന്നു. രാജ്യത്തെ യുവാക്കളുടെയും സ്ത്രീകളുടെയും അഭിലാഷങ്ങള്‍ തങ്ങള്‍ നിറവേറ്റി. ഇന്ത്യ അഴിമതിയില്‍ നിന്ന് മുക്തമായെന്നും രാജ്യത്തെ പ്രധാന 20 നഗരങ്ങളില്‍ ഇന്ന് മെട്രോ സേവനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.കോണ്‍ഗ്രസിനെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ കാലത്ത് ദുര്‍ഭരണവും അനീതിയും ആയിരുന്നു. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് വികസനം വിദൂരമായിരുന്നുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 2014ന് ശേഷം എന്‍ഡിഎ സര്‍ക്കാര്‍ വികസനം കൊണ്ടുവന്നു. കര്‍ഷകരുടെ ക്ഷേമമാണ് എന്‍ഡിഎ സര്‍ക്കാരിന്റെ മുന്‍ഗണന. ഇന്ത്യയ്ക്ക് എന്ഡിഎ സര്‍ക്കാര്‍ സുസ്ഥിരമായ ഒരു സര്‍ക്കാരിനെ നല്‍കി. കോണ്‍ഗ്രസിന്റെ ദുര്‍ഭരണം തള്ളിയ ജനം എന്‍.ഡി.എയെ വിശ്വസിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.ആഗോളതലത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ടപ്പോഴും ഇന്ത്യ 7.7 % ജിഡിപി വളര്‍ച്ച നേടി. തീവ്രവാദത്തിനെതിരെ ഇന്ത്യ ശക്തമായ നിലപാട് എന്‍ഡിഎ ഭരണകാലത്ത് എടുത്തുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 2014 മുന്‍പ് ഭീകരാക്രമണങ്ങളോട് സഹിഷ്ണുത പുലര്‍ത്തിയിരുന്നുവെന്ന് അദേഹം കുറ്റപ്പെടുത്തി. തങ്ങളെ സംബന്ധിച്ച് രാജ്യത്തിനാണ് പ്രഥമ പരിഗണന. ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യയുടെ സാമര്‍ത്ഥ്യം ലോകം തിരിച്ചറിഞ്ഞു. നക്‌സലിസത്തില്‍ നിന്ന് രാജ്യത്തെ മുക്തമാക്കി. രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ തങ്ങള്‍ പിന്നോട്ട് പോകില്ല. ഉടന്‍തന്നെ സിവിലിയന്‍ വിമാനങ്ങള്‍ രാജ്യത്ത് നിര്‍മ്മിക്കും. രാജ്യത്തെ ജനങ്ങള്‍ മെയ്ഡ് ഇന്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യും. കായിക വിനോദസഞ്ചാരമേഖലകള്‍ രാജ്യത്തിന്റെ സുപ്രധാന തൂണുകള്‍. രാജ്യം ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ പോവുകയാണ്. രാജ്യത്തെ ജനങ്ങള്‍ തങ്ങളുടെ ഭരണകാലത്ത് നിരാശരായിട്ടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.