ശമ്പള വര്‍ദ്ധനവ് നടപ്പാക്കിയില്ല
48 മണിക്കൂര്‍ സമയപരിധി
തൃശൂര്‍: സ്വകാര്യ ആശുപത്രികളായ അമല, ജൂബിലി മിഷന്‍ എന്നിവടങ്ങളില്‍ ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച വാഗ്ദാനങ്ങള്‍ മാനേജ്‌മെന്റ് നടപ്പാക്കാത്തതിനെത്തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ നഴ്‌സുമാര്‍ സമ്പൂര്‍ണ്ണ പണിമുടക്കിലേക്ക് കടക്കുന്നു. 48 മണിക്കൂറിനകം ജില്ലാതലത്തില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് യുഎന്‍എ അറിയിച്ചു. പണിമുടക്ക് കാരണം രോഗികള്‍ ദുരിതത്തിലാകുന്നത് ഒഴിവാക്കാന്‍, ആശുപത്രികളില്‍ കഴിയുന്ന രോഗികളെ മാറ്റുന്നതിനായി 48 മണിക്കൂര്‍ സമയം നല്‍കുമെന്നും യുഎന്‍എ വ്യക്തമാക്കി.
സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയാണ് അമല, ജൂബിലി ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കുന്നത്. നഴ്‌സുമാരുടെ സമരത്തെത്തുടര്‍ന്ന് ആശുപത്രികളിലുണ്ടായ മിക്ക ഒഴിവുകളും നികത്തിക്കഴിഞ്ഞുവെന്നും, നിലവില്‍ സമരം ചെയ്യുന്നവര്‍ തിരിച്ചുവന്നാലും ജോലിയില്‍ പ്രവേശിപ്പിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. ഏപ്രില്‍ ഒന്നിന് തന്നെ കൃത്യമായി വേതന വര്‍ദ്ധനവ് നടപ്പാക്കിയതാണെന്നും, അത് ഇപ്പോള്‍ നടപ്പാക്കിയെന്നാണ് യുഎന്‍എ പ്രചാരണം നടത്തുന്നതെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ ആരോപിച്ചു.
അതേസമയം, ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കണ്ണൂര്‍ ജില്ലയിലെ ആറ് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം 52-ാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ ശനിയാഴ്ച നഴ്‌സുമാരുമായി കരാര്‍ ഒപ്പിടുമെന്ന് മാനേജ്‌മെന്റുകള്‍ സമ്മതിച്ചിരുന്നെങ്കിലും അവസാന നിമിഷം അതില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ സമരം കൂടുതല്‍ ശക്തമാക്കി കണ്ണൂര്‍ കളക്ടറേറ്റിന് മുന്നിലേക്ക് വ്യാപിപ്പിച്ചു. കണ്ണൂരില്‍ നഴ്‌സുമാരുമായി പുതിയ ശമ്പള കരാര്‍ ഒപ്പിട്ടാല്‍ അത് മറ്റ് ജില്ലകളിലും നടപ്പാക്കേണ്ടി വരുമെന്ന ഭയമാണ് മാനേജ്‌മെന്റുകളെ പിന്നോട്ട് വലിപ്പിക്കുന്നതെന്ന് ഐന്‍എ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ശിഹാബ് ആരോപിച്ചു.