അധികാരം പുതിയ ഭരണസമിതിക്ക് കൈമാറും
ഗാസ സിറ്റി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഗാസ മുനമ്പ് ഭരിച്ചുകൊണ്ടിരുന്ന ഭരണസമിതി പിരിച്ചുവിട്ടതായി പലസ്തീന്‍ സംഘടനയായ ഹമാസ് പ്രഖ്യാപിച്ചു. സിവില്‍ ഭരണം നടപ്പിലാക്കുന്നതിനായി ഒരു ‘ടെക്‌നോക്രാറ്റിക്’ കമ്മിറ്റിക്ക് അധികാരം കൈമാറുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ണ്ണായക നീക്കമെന്നാണ് റിപ്പോര്‍ട്ട്.
ഹമാസ് ഗവണ്‍മെന്റ് എമര്‍ജന്‍സി കമ്മിറ്റി തലവന്‍ മുഹമ്മദ് അല്‍ ഫറ തന്റെ ഔദ്യോഗിക രാജി സമര്‍പ്പിച്ചതായും ഭരണപരമായ മാറ്റങ്ങള്‍ സുഗമമാക്കുന്നതിന് കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനിച്ചതായും ഹമാസ് മീഡിയ ഓഫീസ് മേധാവി ഇസ്മായില്‍ അല്‍-തവാബ്ത സ്ഥിരീകരിച്ചു.
നാഷണല്‍ കമ്മിറ്റി ഫോര്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഗാസ (എന്‍സിഎജി) എന്ന പുതിയ സമിതിയായിരിക്കും ഇനി ഗാസയുടെ ഭരണം നിര്‍വഹിക്കുക. 2025 ഒക്ടോബറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഹമാസും ഇസ്രയേലും തമ്മില്‍ ഒപ്പിട്ട വെടിനിര്‍ത്തല്‍ കരാറിന്റെയും സമാധാന ഉടമ്പടിയുടെയും ഭാഗമായാണ് ഈ സമിതി രൂപവത്കരിച്ചത്. 2006-ലെ തിരഞ്ഞെടുപ്പിന് ശേഷം ഏതാണ്ട് 20 വര്‍ഷമായി ഗാസയില്‍ ഹമാസ് ആണ് ഭരണം നടത്തിവരുന്നത്. പുതിയ ഭരണമാറ്റത്തോടെ ഗാസയിലെ ഭരണപരമായ ചുമതലകളില്‍നിന്ന് ഹമാസ് ഔദ്യോഗികമായി പിന്മാറും.
അധികാര കൈമാറ്റം എപ്പോള്‍ നടക്കും എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ല. കരാറിലെ ചില വ്യവസ്ഥകളെച്ചൊല്ലി ഇസ്രയേലും ഹമാസും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തുടരുന്നതാണ് ഇതിന് കാരണം. ഹമാസിനെ പൂര്‍ണമായും നിരായുധീകരിക്കുക, ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കുക തുടങ്ങിയ വിഷയങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
കൂടാതെ, പുതിയ ഭരണസമിതിയായ എന്‍സിഎജി അംഗങ്ങളെ മാസങ്ങളായി ഗാസയിലേക്ക് പ്രവേശിക്കുന്നതില്‍നിന്ന് ഇസ്രയേല്‍ തടയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഗാസയിലേക്കുള്ള അവശ്യ സഹായങ്ങള്‍ എത്തിക്കുന്നതിനും തര്‍ക്കങ്ങള്‍ തടസ്സമാകുന്നുണ്ട്.