ഗഗന്‍യാന്‍ ദൗത്യം: ക്രൂ മൊഡ്യൂള്‍ സുരക്ഷിതമായി തിരിച്ചിറക്കാനുള്ള പാരച്യൂട്ട് പരീക്ഷണം വിജയകരം

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന് മുന്നോടിയായി, ബഹിരാകാശയാത്രികരെ സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചിറക്കുന്നതിനുള്ള സുപ്രധാന പാരച്യൂട്ട് പരീക്ഷണം ഐ.എസ്.ആര്‍.ഒ വിജയകരമായി പൂര്‍ത്തിയാക്കി. ബഹിരാകാശത്ത് നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തില്‍ തിരിച്ചിറങ്ങുന്ന ക്രൂ മൊഡ്യൂളിന്റെ വേഗത കുറച്ച് സമുദ്രത്തില്‍ സുരക്ഷിതമായി ഇറക്കാന്‍ സഹായിക്കുന്ന പ്രധാന പാരച്യൂട്ട് സിസ്റ്റത്തിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുക എന്നതായിരുന്നു ഈ പരീക്ഷണത്തിന്റെ ലക്ഷ്യം.
മധ്യപ്രദേശിലെ ഷിയോപൂരിലുള്ള ഏരിയല്‍ ഡെലിവറി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (ADRDE) ഡ്രോപ്പ് സോണിലാണ് ഇന്റഗ്രേറ്റഡ് മെയിന്‍ പാരച്യൂട്ട് എയര്‍ഡ്രോപ്പ് ടെസ്റ്റ് (IMAT-05) എന്നറിയപ്പെടുന്ന ഈ പരീക്ഷണം നടത്തിയത്. ഇന്ത്യന്‍ വ്യോമസേനയുടെ IL-76 വിമാനത്തില്‍ നിന്ന് 2.5 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നാണ് ഡമ്മി പേടകം ഉപയോഗിച്ചുള്ള ഈ പരീക്ഷണം നടത്തിയത്.
ഗഗന്‍യാന്‍ ക്രൂ മൊഡ്യൂളിന്റെ വേഗത കുറയ്ക്കുന്ന സംവിധാനത്തില്‍ നാല് വ്യത്യസ്ത തരത്തിലുള്ള 10 പാരച്യൂട്ടുകളാണ് ഉള്ളത്. ഇവയുടെ പ്രവര്‍ത്തനം താഴെ പറയുന്ന ഘട്ടങ്ങളിലായാണ് നടക്കുന്നത്:
• അപെക്‌സ് കവര്‍ സെപ്പറേഷന്‍ : ആദ്യം പാരച്യൂട്ട് കമ്പാര്‍ട്ട്‌മെന്റിന്റെ മുകളിലുള്ള സംരക്ഷണ കവര്‍ മാറ്റുന്നതിനായി ആദ്യം രണ്ട് അപെക്‌സ് കവര്‍ സെപ്പറേഷന്‍ പാരച്യൂട്ടുകള്‍ തുറക്കും.
• ഡ്രോഗ് പാരച്യൂട്ടുകള്‍ : തുടര്‍ന്ന് പേടകത്തിന്റെ വേഗത കുറയ്ക്കാനായി രണ്ട് ഡ്രോഗ് പാരച്യൂട്ടുകള്‍ വിന്യസിക്കപ്പെടും.
• പൈലറ്റ് & മെയിന്‍ പാരച്യൂട്ടുകള്‍: പേടകത്തിന്റെ വേഗം നിയന്ത്രിക്കപ്പെട്ടതിന് ശേഷം, ഏറ്റവും മൂന്ന് പൈലറ്റ് പാരച്യൂട്ടുകള്‍ പ്രവര്‍ത്തിക്കും. പിന്നാലെ മൂന്ന് മെയിന്‍ പാരച്യൂട്ടുകള്‍ നിവരും. അവസാന ഘട്ടത്തില്‍ ഈ വലിയ മെയിന്‍ പാരച്യൂട്ടുകളാണ് ക്രൂ മൊഡ്യൂളിന്റെ വേഗത പൂര്‍ണ്ണമായും കുറയ്ക്കുകയും സമുദ്രത്തില്‍ സുരക്ഷിതമായി ഇറക്കാന്‍ സഹായിക്കുകയും ചെയ്യുക.
ഐ.എസ്.ആര്‍.ഒ (ISRO), ഡി.ആര്‍.ഡി.ഒ (DRDO), ഇന്ത്യന്‍ വ്യോമസേന, ഇന്ത്യന്‍ കരസേന എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഗഗന്‍യാന്റെ ആളില്ലാ വിക്ഷേപണമായ ഗഗന്‍യാന്‍ ജി1 (G1) ദൗത്യത്തിന് മുന്നോടിയായാണ് ഇത്.

 

 

Leave a Reply

Your email address will not be published. Required fields are marked *