കൽപ്പറ്റ: വയനാട് കള്ളാടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. അധികൃതർ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇനി നാലുപേരെ കൂടി കണ്ടെത്താനുണ്ട്. നാല് സോണുകളാക്കി തിരിച്ചാണ് ഇന്നലെ തെരച്ചിൽ നടത്തിയത്. ഇതിൽ രണ്ട് സോണുകളുടെ തെരച്ചിൽ ഇന്നലെ പൂർത്തിയാക്കിയിരുന്നു.
ബാക്കി രണ്ട് സോണുകളിലും മീനാക്ഷിപ്പുഴയിലുമാണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്. അപകടത്തിൽ മരിച്ച മൂന്നുപേരുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ജാർഖണ്ഡ് സ്വദേശി ആൻമോൾ ദോദ്രായ്, ബീഹാർ സ്വദേശി ബികാഷ് കുമാർ സിംഗ്, മദ്ധ്യപ്രദേശ് സ്വദേശി ചന്ദ്രഭാൻ പാൽ എന്നിവരാണ് മരിച്ചത്.
അതേസമയം, പ്രദേശത്ത് ഇപ്പോൾ നേരിയ മഴയുണ്ട്. പുഴയിൽ കുടുങ്ങിക്കിടന്ന ബസ് കരയിലേക്ക് മാറ്റി. മണ്ണ് കൂടുതലായി മാറ്റിയതിനാൽ കൂടുതൽ യന്ത്രങ്ങൾ ഈ മേഖലയിലേക്ക് എത്തിക്കാൻ സാധിക്കും. എന്നാൽ തെരച്ചിലിന് മഴ വെല്ലുവിളി ഉയർത്തുമോയെന്ന ആശങ്കയിലാണ് അധികൃതർ. എൻഡിആർഎഫ്, ആർആർഎഫ്, ഫയർഫോഴ്സ്, ലോക്കൽ പൊലീസ് എന്നിവരടങ്ങുന്ന അഞ്ഞൂറിലധികം വരുന്ന വിപുലമായ സംഘമാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇന്ന് ദുരന്തബാധിത പ്രദേശം സന്ദർശിക്കും. മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായുള്ള വിദഗ്ധ സമിതിയെ ഇന്ന് നിയോഗിക്കും.