കാൽനട ദുരിതമാക്കി അനധികൃത പാർക്കിംഗ്

ആലുവ: ആലുവ – മൂന്നാർ റോഡിൽ ചൂണ്ടി, ചുണങ്ങംവേലി ഭാഗത്ത് വഴിയരികിൽ ട്രെയിലറുകളും ലോറികളും നിറുത്തിയിടുന്നത് വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർക്ക് ദുരിതമാകുന്നു. ഇരുവശത്തേക്കും വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ പോലും കഴിയാത്ത സാഹചര്യമാണ്.

ദിവസങ്ങളോളം ലോറികൾ ഇവിടെ പാർക്ക് ചെയ്യുകയാണ്. ജി.ടി.എൻ ഭാഗത്ത് സമീപകാലത്ത് പ്രവർത്തനം ആരംഭിച്ച ലോജിസ്റ്റിക് സ്ഥാപനങ്ങളിലേക്ക് വരുന്ന ലോറികളാണ് റോഡിൽ പാർക്ക് ചെയ്യുന്നതെന്നാണ് ആക്ഷേപം. ലോറി ജീവനക്കാർ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതും ഇവിടെ തന്നെയാണ്. ചുണങ്ങംവേലി സെന്റ് ജോസഫ് യു പി സ്കൂൾ, ജോ-മൗണ്ട് പബ്ലിക് സ്കൂൾ എന്നീ വിദ്യാലയങ്ങൾക്ക് മുമ്പിലെ സീബ്ര ലൈനുകളിൽ വരെ ലോറികൾ പാർക്ക് ചെയ്യുകയാണ്. പി.ഡബ്ല്യു.ഡി ദിശാ ബോർഡുകളും വേഗതാ നിയന്ത്രണ ബോർഡുകളും സ്കൂൾ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല.

വിദ്യാർത്ഥികളും രോഗികളും വലയുന്നു

ലോറികൾ പാർക്ക് ചെയ്യുന്നതിന് സമീപമാണ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകൾ, രാജഗിരി ആശുപത്രി, അതീവ സുരക്ഷ മേഖലയായ ഐ.എസ്.ആർ.ഒ എന്നിവ സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് വരുന്നവരെല്ലാം അനധികൃത വാഹന പാർക്കിംഗ് കാരണം ബുദ്ധിമുട്ടുകയാണ്. നടപ്പാതകൾ പോലുമില്ലാത്ത ഭാഗമായതിനാൽ യാത്രക്കാരെല്ലാം ഭീതിയോടെ റോഡിലേക്ക് ഇറങ്ങിയാണ് നടക്കുന്നത്.

കളക്ടർക്ക് പരാതി

അനധികൃത വാഹന പാർക്കിംഗിനെതിരെ രാഷ്ട്രീയത്തിനതീതമായി പ്രതിഷേധം ശക്തമാണ്. ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എ. സെന്തിൽകുമാർ, ആലുവ മണ്ഡലം പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ എന്നിവർ ജില്ലാ കളക്ടർ, ആർ.ടി.ഒ, പൊലീസ് എന്നിവർക്ക് പരാതി നൽകി.

സ്കൂൾ മാനേജ്മെന്റും പി.ടി.എയും നിരവധി പരാതികൾ അധികൃതർക്ക് നൽകിയിട്ടും യാതൊരുവിധ നടപടിയുമുണ്ടായിട്ടില്ല. ചീറിപ്പായുന്ന പ്രൈവറ്റ് ബസുകളുടെ കാര്യത്തിലും പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് സ്കൂൾ അധികൃതർ പരാതി നൽകിയിരുന്നു. അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്കൂൾ മാനേജ്മെന്റും പി.ടി.എയും ആവശ്യപ്പെട്ടിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *