റാഞ്ചി: ജാർഖണ്ഡിലെ ലോഹർദാഗയിലെ ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടന്ന നാല് വിദ്യാർത്ഥിനികൾക്ക് പാമ്പുകടിയേറ്റു. സംഭവത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു. വർഷ ഒറോണെ (11) ആണ് മരിച്ചത്. മനീഷ് കുമാരി (14), ഫുൾമാനിയ ഒറാവോൺ (11), അനിഷ കുമാരി (11) എന്നിവർ ചികിത്സയിലാണ്.
സാംസിറ ഹയർ സെക്കൻഡറി റസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിലാണ് ദാരുണ സംഭവം നടന്നത്. ഹോസ്റ്റലിലെ ഒരു മുറിയിൽ ഉറങ്ങുകയായിരുന്ന വിദ്യാർത്ഥിനികൾക്കാണ് കടിയേറ്റത്. ഹോസ്റ്റലിൽ ഉണ്ടായിരുന്ന അദ്ധ്യാപിക ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞെത്തിയ കുട്ടികളുടെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തി. വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.