ആലപ്പുഴ: ഉസ്ബക്കിസ്ഥാനിൽ സഹപാഠിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭാ ഭവനത്തിൽ ബസന്ത് – മിനി ദമ്പതികളുടെ മകൾ സാവരിയ ബസന്താണ് (22) മരിച്ചത്.
പ്രതിയായ മലപ്പുറം പെരിന്തൽമണ്ണ കാട്ടുപ്പാറ എരുവത്ത് കിഴക്കേതൊടിയിൽ സദറുൽ ആനത്തിലെ (23) ഉസ്ബക്കിസ്ഥാനിൽ പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരും ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ്. പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തെയിരിക്കുകയാണ് സാവരിയയുടെ കുടുംബം.
‘ഹോസ്റ്റലിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നാണ് താമസിക്കുന്നത്. 16,000 കുട്ടികളാണ് ഹോസ്റ്റലിലുള്ളത്. സൗകര്യങ്ങൾ വളരെ കുറവാണ്. വളരെ ക്രൂരമായാണ് സദറുൽ ആനം സാവരിയയെ ആക്രമിച്ചത്. കാലുമുതൽ തലവരെ ചതവുകളുണ്ടായിരുന്നു. ലാപ്‌ടോപ്പുകൊണ്ട് പെട്ടെന്ന് അടിച്ചുകൊന്നതല്ല. മതപരിവർത്തനം നടത്താൻ സാവരിയയെ പ്രതി നിർബന്ധിച്ചിരുന്നതായി സഹപാഠികൾ പറഞ്ഞു. ഇതിന് സഹപാഠികൾ ദൃക്‌സാക്ഷികളാണ്. ഇക്കാര്യം അവിടത്തെ അന്വേഷണ ഉദ്യോഗസ്ഥരോട് സഹപാഠികൾ മൊഴി നൽകിയതാണ്. കൊലയ്ക്കുള്ള കാരണം അറിയില്ല.
ശരീരത്തിൽ മുറിവില്ലാത്ത ഭാഗമില്ല. അത്രയും ക്രൂരമായാണ് മർദ്ദിച്ചത്. റീപോസ്റ്റുമോർട്ടം ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനം. പ്രതിയുടെ മാതാപിതാക്കൾ കേരള സർക്കാർ ജീവനക്കാരാണെന്നാണ് അറിഞ്ഞത്. സഹോദരൻ ഡോക്‌ടറാണ്.
ഉസ്ബക്കിസ്ഥാനിൽ നിന്ന് ലഭിച്ച റിപ്പോർട്ടിൽ തലയ്ക്കേറ്റ പരിക്ക് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ശരീരത്തിലെ ചതവുകളെക്കുറിച്ച് പരാമർശമില്ല. 20 ദിവസം കഴിഞ്ഞാലേ അവിടെനിന്ന് വിശദമായ റിപ്പോർട്ട് ലഭിക്കുകയുള്ളൂ’-എന്നാണ് ബന്ധുക്കൾ വ്യക്തമാക്കിയത്.