കൊച്ചി: പെരുമ്പാവൂരിൽ ലഹരിവില്പന ആരോപിച്ച് മൂന്നുയുവാക്കളെ ആൾക്കൂട്ട വിചാരണയ്ക്ക് ഇരയാക്കിയെന്ന് പരാതി. ആറുപേർ തങ്ങളെ തടഞ്ഞുനിറുത്തി ചോദ്യംചെയ്യുകയും തല മൊട്ടയടിക്കുകയും ചെയ്തെന്നാണ് യുവാക്കളുടെ പരാതി. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളാണ് പൊലീസിൽ പരാതി നൽകിയത്.
ഇന്നലെ വൈകിട്ട് നാലരയോടെ പെരുമ്പാവൂർ ഭായികോളനിക്ക് സമീപത്തായിരുന്നു സംഭവം. പ്രദേശത്ത് ലഹരി വില്പനയ്ക്ക് എത്തിയവരെന്ന് ആരോപിച്ചായിരുന്നു ഉപദ്രവം. തങ്ങളെ തടഞ്ഞുനിറുത്തി ഒരു മുറിയിലേക്ക് കൊണ്ടുപോയി മുട്ടുകാലിൽ നിറുത്തിയശേഷം സമീപത്തുള്ള ബാർബറെ കൊണ്ടുവന്ന് തല മൊട്ടയടിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. കണ്ടാൽ അറിയാവുന്ന ആറുപേർക്കെതിരെ പെരുമ്പാവൂർ പൊലീസ് കേസെടുത്തു. ആരെയും പിടികൂടിയതായി റിപ്പോർട്ടില്ല. അതേസമയം, മൂന്ന് യുവാക്കൾ സ്ഥലത്തെത്തിയത് എന്തിനാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ലഹരി വില്പനയുടെ കേന്ദ്രമെന്ന് കുപ്രസിദ്ധി ലഭിച്ച പെരുമ്പാവൂരിൽ ലഹരി വിരുദ്ധപ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്. കൂടുതൽ പൊലീസിനെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികളെ മറയാക്കിയും ദുരുപയോഗം ചെയ്തുമാണ് പ്രദേശത്ത ലഹരിമാഫിയ പിടിമുറുക്കിയത്. പരസ്യ ലഹരി ഉപയോഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് നടപടികൾ ശക്തമാക്കിയത്. ലഹരിക്കടത്തിൽ നിരവധിപേർ പിടിയിലാവുകയും ചെയ്തു. മാരക മയക്കുമരുന്നായ ഹെറോയിൻ ഉൾപ്പെടെയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. പിടിയിലായവരിൽ ഏറെയും അന്യസംസ്ഥാനക്കാരായിരുന്നു. ലഹരിവിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി കേരള പൊലീസ് സംഘടിപ്പിച്ച തൂഫാൻ ജാഗരണിന്റെ ഉദ്ഘാടനം കഴിഞ്ഞയാഴ്ച പെരുമ്പാവൂരിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചിരുന്നു.