ഒരു തലമുറയ്ക്കുമുമ്പുവരെ നമ്മുടെയൊക്കെ വീടുകളിൽ രണ്ടും മൂന്നും കുട്ടികളുണ്ടായിരുന്നു. എന്നാലിപ്പോൾ കഥയാകെ മാറി. മിക്ക വീടുകളിലും ഒരുകുട്ടി മാത്രം. ചില ദമ്പതികൾക്കാകട്ടെ കുട്ടികളേ വേണ്ട എന്ന തീരുമാനത്തിലും. കുട്ടികളുടെ എണ്ണം ഒന്നിൽ നിറുത്താൻ രക്ഷാകർത്താക്കൾ തീരുമാനിക്കുന്നതിന് പിന്നിലെ പ്രധാന കാരണം പേരന്റിംഗ് ഇൻഫ്ലേഷനാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. സാധാരണക്കാരെ ഏറെ ബാധിക്കുന്ന ഒരു പ്രശ്നമാണിത്. കേരളത്തിലെ ഭൂരിപക്ഷം കുടുംബങ്ങളും ഇതിന്റെ പിടിയിലാണെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
പേരന്റിംഗ് ഇൻഫ്ലേഷൻ
കേൾക്കാൻ ഗുമ്മുണ്ടെങ്കിലും കക്ഷി അത്ര ശരിയല്ല. കുട്ടികളെ വളർത്തുന്നത് രക്ഷിതാക്കളുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന അവസ്ഥയാണ് ഇതെന്ന് ചുരുക്കിപ്പറയാം. മാറുന്ന ജീവിത ശൈലിയും, വിദ്യാഭ്യാസ ചെലവുകളുമാണ് ഇത്തരമൊരു അവസ്ഥ കുടുംബങ്ങളിൽ ഉണ്ടാക്കുന്നത്. ഒരുതലമുറ മുമ്പുവരെ ആഹാരം, സ്കൂൾ ഫീസ്, പുസ്തകങ്ങൾ, നോട്ടുബുക്ക്, ബാഗ്, യൂണിഫോം എന്നിവയ്ക്കുള്ള ചെലവിനൊപ്പം ചെറിയ ചികിത്സാച്ചെലവും മാത്രമായിരുന്നു കുട്ടികളെ വളർത്താൻ വേണ്ടിയിരുന്നത്. എന്നാൽ കാലം മാറിയതോടെ ചിത്രം പൂർണമായും മാറി. കുട്ടികളുടെ ആവശ്യങ്ങളിൽ ഒരുപാട് മാറ്റങ്ങളുണ്ടായി.
നഴ്സറി ക്ളാസുമുതൽ ഇതനുസരിച്ച് ചെലവ് കുത്തനെ കൂടി. സ്കൂൾ ഫീസിന് പുറമേ ട്യൂഷൻ, കോച്ചിംഗ് ക്ലാസുകൾ, സ്പോർട്സ്, സംഗീതം, ഡാൻസ് എന്നിവയ്ക്കും പണം ചെലവാക്കേണ്ട അവസ്ഥ വന്നു. തീർന്നില്ല ഓൺലൈൻ ട്യൂഷനും മറ്റുമായി മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടാബുകൾ തുടങ്ങിയ ഉപകരണങ്ങൾ വാങ്ങാനും വിനോദയാത്രകൾ, ജന്മദിനാഘോഷങ്ങൾ,വിനോദങ്ങൾ എന്നിവയ്ക്കായും കാര്യമായി പണം ചെലവാക്കേണ്ടിവരുന്നുണ്ട്. ഒരുവശത്ത് ചെലവ് കുത്തനെ ഉയരുന്നുണ്ടെങ്കിലും മറുവശത്ത് വരുമാനം അത്രകണ്ട് വളരുന്നില്ല. ഇതുകാരണം കുട്ടികൾ പ്രിയപ്പെട്ടതാണെങ്കിലും അവരെ വളർത്തുന്നത് പല രക്ഷിതാക്കൾക്കും ഒരു ബാദ്ധ്യതയായി മാറുകയാണെന്നുതന്നെ പറയാം.
ഒരുകുട്ടിക്ക് ചെലവ് ഒരുകോടി
മികച്ച സാമ്പത്തികാസൂത്രണം ഇല്ലെങ്കിൽ കുട്ടികൾക്കുവേണ്ടി ചെലവാക്കി കുത്തുപാളയെടുക്കേണ്ടി വന്നേക്കാം. ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ ഒരു കുട്ടിയുടെ ജനനംമുതൽ അവനെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമാക്കുന്നതുവരെ വിദ്യാഭ്യാസം നൽകാനായി ഏകദേശം ഒരുകോടിരൂപയെങ്കിലും ചെലവാക്കേണ്ടിവരുന്നു. വിലക്കയറ്റമുൾപ്പെടെയുണ്ടാകുമ്പോൾ തുക വീണ്ടും ഉയരും. വിദ്യാഭ്യാസ ചെലവ് ഓരോവർഷവും പത്തുമുതൽ പന്ത്രണ്ടുശതമാനംവരെ കൂടുന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. സ്കൂൾ ഫീസ് ആറ്,ഏഴുവർഷംകൊണ്ട് ഇരട്ടിയായാണ് മാറുന്നത്.
ഒരു കുട്ടിയെ വളർത്താൻ ഇത്ര രൂപ ചെലവാകുമ്പോൾ വലിയ പ്രായവ്യത്യാസമില്ലാതെ രണ്ടാമതൊരു കുട്ടികൂടി ഉണ്ടെങ്കിലുള്ള അവസ്ഥ ഒന്നാലോചിച്ചുനോക്കൂ. ഒരുകുട്ടിയെ മികച്ച വിദ്യാഭ്യാസം കൊടുക്കാൻതന്നെ ബാങ്ക് ലാേണുകളെ ആശ്രയിക്കുന്ന രക്ഷിതാക്കളുടെ എണ്ണം വളരെ കൂടുതലാണ്. കൂടുതൽ ഭാരം ചുമലിലേറ്റാൻ ഇവർക്ക് ആവില്ല. അതുകൊണ്ടുതന്നെ ഒരുകുട്ടിമതി എന്ന തീരുമാനത്തിൽ ബഹുഭൂരിപക്ഷവും എത്തിച്ചേരുന്നു.