ഉസ്ബക്കിസ്ഥാൻ യുവതി ഇനി ചെല്ലാനത്തുകാരി

ചേർത്തല : യു.കെയിൽ പഠനകാലത്ത് മൊട്ടിട്ട പ്രണയത്തിന് കളവംകോടം ശക്തീശ്വരക്ഷേത്ര സന്നിധിയിൽ സാഫല്യം. ചെല്ലാനത്തെ മത്സ്യത്തൊഴിലാളി കുടുംബാംഗം ചെല്ലാനം തറയിൽ പറമ്പിൽ നിധിൻജിത്തും ഉസ്ബക്കിസ്ഥാൻ സ്വദേശിനി ലിയാൻ മരിയയും ഇന്നലെയാണ് വിവാഹിതരായത്.

 

ഉന്നത പഠനത്തിനായി നിധിൻജിത്ത് യു.കെയിലെ സൗത്ത് ഷീൽഡ്സിലെ കോളേജ് മുറ്റത്ത് എത്തിയപ്പോൾ തുടങ്ങിയ പരിചയം 2022ൽ പ്രണയമായി മാറി. മർച്ചന്റ് നേവിയിൽ ജോലിയിൽ പ്രവേശിച്ചതോടെ ലോകം ചുറ്റമ്പോൾ ഫ്ളിസ്സിംഗിനിലും, അബർഡീനിലും, ലണ്ടനിലും, നെതർലൻഡ്സിലും അവർ പരസ്പരം കണ്ടുമുട്ടി. പിന്നീട് ലിയാൻ മരിയ കഴിഞ്ഞ വർഷം കേരളത്തിന്റെ മണ്ണിലും എത്തി. 20 ദിവസത്തോളം ചെല്ലാനത്ത് തങ്ങി.ഇതിനിടെ പ്രതിശ്രുത വരനൊപ്പം ക്ഷേത്രങ്ങളും സന്ദർശിച്ചു. അടുത്ത സന്ദർശനത്തിന് വിവാഹം നടത്താൻ തീരുമാനിച്ചാണ് മടങ്ങിയത്. കഴിഞ്ഞ മേയ് 30ാം തിയതി ലിയാൻ മരിയ വിവാഹ ഒരുക്കങ്ങളുമായി ചെല്ലാനത്ത് എത്തി. ജൂൺ 6ാം തിയതി നിധിൻജിത്തും വന്നു.വിവാഹം കേരളത്തിന്റെ തനിമ നിലനിർത്തി വേണമെന്ന് ഇരുവർക്കും നിർബന്ധമുണ്ടായിരുന്നു.കുമ്പളങ്ങിയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ചിരുന്ന ഇരുവരും വിവാഹത്തിന് അണിയാനായി പരമ്പരാഗത രീതിയിലുള്ള സ്വർണ്ണത്തിന്റെ പാലയ്ക്കമാലയും,സെറ്റ് സാരിയും വാങ്ങി. എല്ലാ സഹായങ്ങൾക്കും ഒപ്പം നിന്നത് അടുത്ത സുഹൃത്ത് ജാസ്മിയായിരുന്നു. ഇന്നലെ രാവിലെ 10.30ഓടെയാണ് നിധിൻ ലിയാൻ മരിയക്ക് താലി ചാർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *