കെയ്‌റോ: ഈജിപ്തിലെ ഗിസ ഗവർണറേറ്റിൽ ഫ്ലാറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരേ കുടുംബത്തിലെ അഞ്ച് പേർ വെന്തുമരിച്ചു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം അരങ്ങേറിയത്. ഓംറാനിയ ഡിസ്ട്രിക്ടിലെ മഹ്മൂദിയ ടവറുകളിലൊന്നിന്റെ ഏഴാം നിലയിലുള്ള ഫ്ലാറ്റിലാണ് അഗ്നിബാധയുണ്ടായത്. ഫ്ലാറ്റിലുടനീളം അതിവേഗം തീ പടർന്നുപിടിച്ചതോടെ കുടുംബം പൂർണ്ണമായും ഉള്ളിൽ കുടുങ്ങുകയായിരുന്നു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ പ്രൊസിക്യൂഷൻ ഉത്തരവിട്ടിട്ടുണ്ട്. ഫ്ലാറ്റിനുള്ളിൽ തീ പടർന്നതോടെ 51-കാരിയായ അമ്മ ജനാലയിലൂടെ സഹായത്തിനായി നിലവിളിക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. താഴെ തടിച്ചുകൂടിയ നാട്ടുകാർ ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘത്തെ വിവരമറിയിച്ചെങ്കിലും രക്ഷാപ്രവർത്തകർ എത്തുന്നതിന് മുൻപ് തന്നെ ഫ്ലാറ്റ് പൂർണ്ണമായും കനത്ത പുകയിലും തീയിലും മുങ്ങിയിരുന്നു. രക്ഷപ്പെടാൻ മറ്റ് മാർഗ്ഗമില്ലാതെ വന്നതോടെ അമ്മ തന്റെ രണ്ട് പെൺമക്കൾക്കൊപ്പം ഏഴാം നിലയിലെ ജനാലയിലൂടെ താഴേക്ക് ചാടുകയായിരുന്നു.
താഴേക്ക് വീണയുടൻ തന്നെ ഏറ്റവും ഇളയ കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അമ്മയെയും മറ്റൊരു മകളെയും ഉമ്മുൽ മസ്‌രീൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം കഠിനശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. തുടർന്ന് രക്ഷാപ്രവർത്തകർ ഫ്ലാറ്റിനുള്ളിൽ നടത്തിയ വിശദമായ തിരച്ചിലിലാണ് തീയിൽപ്പെട്ട് പുറത്തുകടക്കാനാകാതെ അകത്തു കുടുങ്ങിപ്പോയ മറ്റ് രണ്ട് പെൺകുട്ടികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്. ഇതോടെയാണ് അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായത്. മൃതദേഹങ്ങൾ പിന്നീട് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഗ്യാസ് ചോർച്ചയാണോ ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ ദാരുണമായ ഈ അപകടത്തിന് പിന്നിലെന്ന് കണ്ടെത്താൻ പ്രൊസിക്യൂഷൻ സംഘം സംഭവസ്ഥലത്ത് വിശദമായ ശാസ്ത്രീയ പരിശോധന നടത്തിവരികയാണ്.