ന്യൂഡൽഹി: സുപ്രീംകോടതിയിൽ ജഡ്ജിമാർക്കെതിരെ അസഭ്യവർഷവുമായി ഹർജിക്കാരൻ. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള നാടകീയ രംഗങ്ങൾക്കാണ് സുപ്രീം കോടതി ഇന്ന് സാക്ഷ്യം വഹിച്ചത്. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയാണ് ഹർജിക്കാരൻ ജഡ്ജിമാർക്കെതിരെ തിരിഞ്ഞത്.
ജസ്റ്റിസുമാരായ കെ വി വിശ്വനാഥൻ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് ഹർജിക്കാരന്റെ സിനിമയെ വെല്ലുന്ന പ്രകടനം അരങ്ങേറിയത്. വാദം കേൾക്കാനിരുന്ന ബെഞ്ചിന് നേരെ ഹർജിക്കാരൻ കേസ് ഫയൽ വലിച്ചെറിയുകയും അസഭ്യം വിളിച്ചുപറയുകയും ചെയ്യുകയായിരുന്നു.
നേരിട്ട് ഹാജരായ ഹർജിക്കാരൻ തന്റെ വാദങ്ങൾ അവതരിപ്പിക്കുന്നതിനിടെയാണ് അക്രമാസക്തനായത്. ‘ലക്നൗ എസിപിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഞാൻ ഉത്തരവിടുകയാണെന്ന്’ ഇയാൾ കോടതിയോട് ആജ്ഞാപിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ ഇടപെടുകയും ഇയാളെ കോടതി മുറിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.
വിചാരണയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമനടപടികൾ അനുസരിച്ചായിരിക്കണം മുന്നോട്ടുപോകേണ്ടതെന്നും കോടതിയെ അപകീർത്തിപ്പെടുത്തുകയോ സമ്മർദ്ദത്തിലാക്കുകയോ ചെയ്യുന്ന ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.